ഗവര്‍ണര്‍ Xവി സി; ഏറ്റുമുട്ടലിനൊരുങ്ങി കേരള സര്‍വകലാശാലയും, ഗവര്‍ണര്‍ക്ക് എതിരെ പ്രമേയത്തിന് നീക്കം

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങി കേരള സര്‍വകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും.
വിസി നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല ഇതുവരെ നോമിനിയെ നല്‍കിയിട്ടില്ല. പ്രമേയം വന്നാല്‍ കേരള വിസിക്ക് എതിരെ ഗവര്‍ണര്‍ നടപടി എടുത്തേക്കും.
അതേസമയം സര്‍വ്വകലാശാലകളിലെ ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നീങ്ങുകയാണ്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരെ ഗവര്‍ണര്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് നല്കി നടപടിയിലേക്ക് പോകാനാണ് തീരുമാനം. നിയമനം സ്റ്റേ ചെയ്തതിനെതിരെ സര്‍വകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവന് നിരീക്ഷിക്കുന്നുണ്ട്. വി സി അപ്പീല്‍ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവര്‍ണ്ണര്‍ക്ക് എതിരെ അപ്പീല്‍ നില നില്‍ക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗുരുതര വീഴ്ച വിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് രാജ്ഭവന് നിയമോപദേശം ലഭിച്ചത്. ഈ വിഷയത്തില്‍ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്്റെ ഭാര്യ പ്രിയാ വര്ഗ്ഗീസിന്്റെ നിയമന വിവാദത്തില്‍ ഒരിഞ്ച് വിട്ടുകൊടുക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സ്വജന പക്ഷപാതവും ചട്ടവിരുദ്ധ നടപടികളും സര്‍വകലാശാലയില്‍ ഉണ്ടായെന്ന് തുറന്നടിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചാന്‍സലറും സര്‍വകലാശാലയും തമ്മില്‍ നിയമപോരാട്ടത്തിലേക്ക് ഇതിനോടകം നീങ്ങിയ സംഭവവികാസങ്ങളെ, കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടിയിലേക്ക് ഗവര്‍ണര്‍ കടന്നേക്കുമെന്നത് ഇതോടെ ഉറപ്പായി.
അതേ സമയം, കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് രംഗത്തെത്തി. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നാണ് പ്രിയുടെ വാദം. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും എഫ്ഡിപി സ്റ്റഡീ ലീവ് അല്ലെന്ന് സര്‍വ്വകലാശാല രക്ഷാ”സംഘ”ക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമര്‍ശനമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

