KSDLIVENEWS

Real news for everyone

ഇന്നും നാളെയും ജില്ലയിൽ യെലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

SHARE THIS ON

കാസർകോട് ∙ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കാസർകോട് കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ കൂടിയാണ് ഇന്ന് യെലോ അലർട്ടുള്ളത്. മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ്. നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരും മുൻകരുതലെടുക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ കരുതി മാറിത്താമസിക്കാൻ തയാറാകണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.

മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ മറ്റന്നാൾ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!