KSDLIVENEWS

Real news for everyone

നായകനായും വില്ലനായും ഗ്രീസ്മാന്‍, അത്‌ലറ്റിക്കോയെ വീഴ്ത്തി ലിവര്‍പൂള്‍, മിലാന് തോല്‍വി

SHARE THIS ON

മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ആരാധകർ കാത്തിരുന്ന ഗ്ലാമർ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ. അത്ലറ്റിക്കോ മഡ്രിഡിന്റെ ആന്റോയിൻ ഗ്രീസ്മാൻ ഒരേ സമയം നായകനും വില്ലനുമായ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്.

ഗ്രൂപ്പ് ബി യിൽ നടന്ന പോരാട്ടത്തിൽ ലിവർപൂളിനായി ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല ഇരട്ട ഗോളുകൾ നേടിയപ്പോൾ നാബി കെയ്റ്റയും ലക്ഷ്യം കണ്ടു. അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗ്രീസ്മാൻ ഇരട്ട ഗോളുകൾ നേടി. നാടകീയമായ നിരവധി രംഗങ്ങൾക്ക് വേദിയായ മത്സരത്തിൽ എട്ടാം മിനിട്ടിൽ തന്നെ മുഹമ്മദ് സല ലിവർപൂളിനെ മുന്നിലെത്തിച്ചു. 13-ാം മിനിട്ടിൽ കെയ്റ്റയും ലക്ഷ്യം കണ്ടതോടെ ചെമ്പട വിജയമുറപ്പിച്ചു.


എന്നാൽ അത്ലറ്റിക്കോ പിൻവാങ്ങാൻ തയ്യാറല്ലായിരുന്നു. രണ്ട് ഗോളുകൾ തിരിച്ചടിച്ച് അത്ലറ്റിക്കോ ലിവർപൂളിനെ ഞെട്ടിച്ചു. 20-ാം മിനിട്ടിലും 34-ാം മിനിട്ടിലും ലക്ഷ്യം കണ്ട് ഗ്രീസ്മാൻ അത്ലറ്റിക്കോയുടെ രക്ഷകനായി. പക്ഷേ മത്സരത്തിന്റെ 52-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഗ്രീസ്മാൻ അത്ലറ്റിക്കോയ്ക്ക് വില്ലനുമായി. ഇതോടെ ടീം പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ലിവർപൂൾ 78-ാം മിനിട്ടിൽ വിജയഗോൾ നേടി അത്ലറ്റിക്കോയെ തകർത്തു. പെനാൽട്ടിയിലൂടെ സലയാണ് ടീമിനായി വിജയഗോൾ നേടിയത്.

ഈ വിജയത്തോടെ ലീഗിൽ അപരാജിത കുതിപ്പ് നടക്കുന്ന ലിവർപൂൾ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി ഗ്രൂപ്പ് ബി യിൽ ഒന്നാമത് നിൽക്കുന്നു. നാല് പോയന്റുമായി അത്ലറ്റിക്കോ രണ്ടാമതാണ്.


ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി.മിലാനെ പോർട്ടോ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർട്ടോ വിജയം നേടിയത്. 65-ാം മിനിട്ടിൽ ലൂയിസ് ഡയസ്സാണ് ടീമിനായി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ മോശം ഫോം തുടരുന്ന മിലാന്റെ മൂന്നാം തോൽവിയാണിത്. ഒളിവർ ജിറൂഡും സ്ലാട്ടൻ ഇബ്രഹാമോവിച്ചുമെല്ലാം കളിച്ചിട്ടും ടീമിന് വിജയം നേടാനായില്ല. ഗ്രൂപ്പിൽ പോർട്ടോ 4 പോയന്റുമായി മൂന്നാമതാണ്. ഇതുവരെ അക്കൗണ്ട് തുറക്കാത്ത മിലാൻ അവസാന സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!