KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ കെട്ടിടലേല പ്രശ്നത്തിന് പരിഹാരം; ബൈലോയിൽ ഭേദഗതിക്ക് സർക്കാർ അനുമതി നൽകി

SHARE THIS ON

കാഞ്ഞങ്ങാട്: ഉയർന്ന ‘ഡിപ്പോസിറ്റ്’ തുകയിൽ തട്ടി നിശ്ചലമായ ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഇനി സജീവമാകും. ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിട മുറികള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബൈലോയില്‍ ഭേദഗതിക്ക് സർക്കാർ അനുമതി നൽകി. ഉത്തരവിന്റെ പകർപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പി.എസ്.സുരേഷിൽ നിന്നു നഗരസഭാധ്യക്ഷ കെ.വി.സുജാതയും സ്ഥിരസമിതി അംഗങ്ങളും ചേർന്നു നേരിട്ടു വാങ്ങി. കടമുറികൾ വാടകയ്ക്കു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ പലതവണ കടമുറികൾ ലേലത്തിൽ വച്ചെങ്കിലും ആവശ്യക്കാർ ഉണ്ടായിരുന്നില്ല. ഡിപ്പോസിറ്റ് തുക കൂടിയതായിരുന്നു കാരണം. പിന്നീട് തുക കുറച്ച് ലേലം നടത്തിയെങ്കിലും പങ്കെടുക്കാൻ എത്തിയവരുടെ എണ്ണം കുറവായിരുന്നു. 15 ലക്ഷം രൂപയാണ് നഗരസഭ ആദ്യം ഡിപ്പോസിറ്റ് തുകയായി ആവശ്യപ്പെട്ടത്. പിന്നീട് 15 ലക്ഷം എന്നത് 7 ലക്ഷം രൂപയായും മുകളിൽ നിലയിൽ 5 ലക്ഷം രൂപയായും കുറച്ചു. എന്നാൽ ഭേദഗതി സർക്കാർ അന്ന് അംഗീകരിച്ചിരുന്നില്ല.  ഇതോടെയാണ് സർക്കാർ അംഗീകരിച്ച ബൈലോയില്‍ ഭേദഗതി ചെയ്യാനും കാലാകാലങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താനും നഗരസഭ കൗൺസിലിന് അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ കെ.വി.സുജാത കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഓർഡിനേഷൻ കമ്മിറ്റി യോഗത്തില്‍ നഗരസഭയുടെ ആവശ്യം അംഗീകരിച്ചത്. സർക്കാർ അനുമതി ലഭിച്ച കെട്ടിടം വാടകയ്ക്ക് നൽകാതെ കിടക്കുന്നത് വലിയ നഷ്ടമാണെന്ന് കോഓർഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി. ഡിപ്പോസിറ്റ് തുക കൂടിയതാണ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ലേലത്തിൽ പോകാത്തത് എന്നതും യോഗം പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!