KSDLIVENEWS

Real news for everyone

കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതി കാലാവധി നീട്ടി

SHARE THIS ON

കാസർഗോഡ്:ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് കൂടി നീട്ടി. മേയ് 18-ന് നൽകിയ അനുമതി ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസത്തേക്കുകൂടി ദീർഘിപ്പിച്ചത്. മേയ് മാസത്തിൽ ആദ്യ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ജില്ലയിൽ ഇതുവരെ ആർക്കും വെടിവെക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. ഉത്തരവിന്റെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെയാണ് ഡി.എഫ്.ഒ.യ്ക്ക് മൂന്ന് അപേക്ഷകൾ ലഭിച്ചത്. ഇത് നടപടിയാകുന്നതിനിടെ വെടിവെക്കാനുള്ള കാലാവധിയും അവസാനിച്ചു. കാലാവധി നീട്ടിയ സാഹചര്യത്തിൽ ലഭിച്ച അപേക്ഷ പരിശോധിച്ച് അനുമതി നൽകുമെന്ന് ഡി.എഫ്.ഒ. അറിയിച്ചു. കാട്ടുപന്നികളെ വെടിവെക്കാനുള്ള അപേക്ഷയ്ക്ക് കർഷകർ റെയ്ഞ്ച് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജില്ലയിൽ മൂന്ന് അപേക്ഷകളാണ് ലഭിച്ചത്. ഇത് റെയ്ഞ്ച് ഓഫീസറുടെ പരിഗണനയിലാണ്‌. വനജാഗ്രതാസമിതിയും തോക്ക് ലൈസൻസുള്ള വ്യക്തിയെ കണ്ടെത്തണം. ശേഷം സൂക്ഷ്മപരിശോധന നടത്തി ഡി.എഫ്.ഒ.യാണ് അനുമതി നൽകുന്നത്. കാട്ടുപന്നികളെ വെടിവെച്ചയാൾക്ക് 1000 രൂപ പാരിതോഷികം ലഭിക്കും. ജില്ലയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ കഴിഞ്ഞാഴ്ച മഞ്ചേശ്വരം കുബണൂരിൽ ഒരാൾ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!