KSDLIVENEWS

Real news for everyone

മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാ വിഭാഗം; പുതിയ എന്‍ഡോസള്‍ഫാന്‍ സെല്‍ ഒരാഴ്ചയ്ക്കകം രൂപീകരിക്കും; മുഖ്യമന്ത്രി വി.ഡി സതീശൻ

SHARE THIS ON

കാസർകോട്: പുതിയ എൻഡോസൾഫാൻ സെൽ ഒരാഴ്ചക്കകം രൂപീകരിക്കുമെന്നും മൂന്ന്
മാസത്തിലൊരിക്കൽ സെൽ യോഗം ചേരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ എൻഡോസൾഫാൻ ദുരിതബാധിതരുമായി സംവദിക്കുകയായിരുന്നു
മുഖ്യമന്ത്രി. 2024 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തിയതിന്റെ മാനദണ്ഡം
പുന:പരിശോധിക്കും. അവരെ എൻഡോസൾഫാൻ ലിസ്റ്റിന്റെ ഭാഗമാക്കും. മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് സമരസമിതിയുടെ പരാതി പരിഗണിച്ച് അടുത്ത മെഡിക്കൽ ക്യാമ്പ് നടത്താം. മെഡിക്കൽ
കോളേജുകളിലെ വിദഗ്‌ധർ ഇതിനായി മാനദണ്ഡം
തയ്യാറാക്കും.
ദുരിതബാധിതരുടെ മരുന്ന്
വിതരണത്തിന് ധനലഭ്യത തടസമാകില്ല, നിലവിലുള്ള മുഴുവൻ കുടിശ്ശികയും തീർത്ത്
മരുന്ന് വിതരണം സുഗമമാക്കുമെന്ന് മുഖ്യമന്ത്രി
പറഞ്ഞു.
മെഡിക്കൽ കോളേജിൽ
എൻഡോസൾഫാനുമായി ബന്ധപ്പെട്ട് പ്രത്യേക ചികിത്സാ വിഭാഗം സജ്ജമാക്കും.
ഇതിനായി ആശുപത്രിയുടെ പ്രവർത്തനങ്ങളും ആവശ്യമായ സജ്ജീകരണങ്ങളും സംബന്ധിച്ച് മെഡിക്കൽ വിദഗ്‌ധ സംഘം പഠനം നടത്തും. ഒരു മാസത്തിനകം ഇതിനായുള്ള പഠനം നടത്തി ആവശ്യമായ സൗകര്യങ്ങളും തസ്‌തികകളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ സാന്ത്വന സഹായം 2200 രൂപയിൽ നിന്ന് 500 രൂപ കുറച്ച് 1700 രൂപയാക്കിയ വിഷയം പരിശോധിക്കും. ദുരിത ബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരെയും പാക്കേജിൻ്റെ ഭാഗമാക്കും. അവരുടെ ഉപജീവനത്തിനുള്ള സൗകര്യങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തും. ജില്ലയിൽ ബഡ്‌സ് സ്കൂളുകളുടെ നിലവിലെ സ്ഥിതിഗതി പഠിച്ച് അനിവാര്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 ന് ശേഷം ജനിച്ചവരെ എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പരിശോധിച്ച് തീരുമാനമെടുക്കും. ദുരിതബാധിത പ്രദേശമായി കണക്കാക്കുന്ന പഞ്ചായത്തുകളുടെ വിഷയം പരിശോധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും മാഖ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ആജീവനാന്ത സൗജന്യ ചികിത്സയിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല. എൻഡോസൾഫാൻ ദുരിത ബാധിതരുടെ 60 ശതമാനം പ്രശ്‌നങ്ങളും വേഗത്തിൽ പരിഹരിക്കുമെന്നും പാക്കേജ് യാഥാർഥ്യമാകുന്നതോടെ മറ്റ് വിഷയങ്ങൾ കൂടി പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരസമിതി അംഗങ്ങൾക്കും ദുരിത ബാധിതരുടെ രക്ഷിതാക്കൾക്കും ഏത് നേരവും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് ആശങ്കകൾ അറിയിക്കാമെന്നും കൃത്യമായ ടീം വർക്കായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കല്ലട്ര മാഹിൻ, എ.കെ.എം അഷ്റഫ്, കെ.നീലകണ്ഠ‌ൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ്, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ രാരാരാജ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!