KSDLIVENEWS

Real news for everyone

ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, 50 കോടി നഷ്ടപരിഹാരം നൽകണം; ബി.ജെ.പി അധ്യക്ഷനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഉദയനിധി സ്റ്റാലിൻ

SHARE THIS ON

ചെന്നൈ: തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ 48 മണിക്കൂറിനകം പിന്‍വലിച്ച്‌ പരസ്യമായി മാപ്പ് പറയണമെന്നും 50 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ സ്പോര്‍ട്സ് മന്ത്രിയും ഡി.എം.കെ യൂത്ത് വിങ് അധ്യക്ഷനും നടനുമായ ഉദയനിധി സ്റ്റാലിന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ‘ഡി.എം.കെ ഫയല്‍സ്’ എന്ന പേരില്‍ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. ഓരോ ദേശീയ, പ്രാദേശിക പത്രങ്ങളിലും എല്ലാ ദേശീയ-പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും മാപ്പ് പ്രസിദ്ധപ്പെടുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്ബാദിച്ചെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇത് സംബന്ധിച്ച്‌ പറയുന്നതെന്ന് അവകാശപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോയും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് വാദം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണ കമ്ബനിയായ റെഡ് ജയന്റ് മൂവീസില്‍ പണം മുടക്കിയവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ഡി.എം.കെ ഫയല്‍സ് എന്ന പേരില്‍ മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ള ഡി.എം.കെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബി.ജെ.പി അധ്യക്ഷന്‍ ഉന്നയിക്കുന്നത്. ഡി.എം.കെയും അണ്ണാമലൈക്കെതിരെ മാനനഷ്ടം ആരോപിച്ച്‌ കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച്‌ സ്റ്റാലിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!