ക്രിക്കറ്റിലൂടെ രംഗപ്രവേശം; ഇന്ന് 241383-ാം നമ്പര്‍ തടവുപുള്ളി, ദിവസവേതനം 60 രൂപ

പട്യാല: റോഡിലെ അടിപിടിയില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷം കഠിനതടവിന് വിധിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ കഴിഞ്ഞ ദിവസം പട്യാല സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുകയാണ്. ജയിലിലെ ആദ്യ ദിനമായ വെള്ളിയാഴ്ച രാത്രിയിലെ അത്താഴം സിദ്ദു നിരസിച്ചുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മരുന്ന് മാത്രമാണ് കഴിച്ചത്. നല്ല സഹകരണമുണ്ട്. അദ്ദേഹത്തിനായി പ്രത്യേക ഭക്ഷണമൊന്നും ഒരുക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ കാന്റീനില്‍ നിന്ന് വേണ്ട ഭക്ഷണം ലഭ്യമാക്കും. അല്ലെങ്കില്‍ സ്വയം പാകംചെയ്ത് കഴിക്കാം’, ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഠിന തടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജയില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രമേ അദ്ദേഹത്തിന് തടവില്‍ കഴിയാനാകൂ. ഇതനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴില്‍ ട്രെയിനിങ് നല്‍കും. ഈ സമയത്ത് ഒരുവേതനവും കിട്ടില്ല. ശേഷം, പ്രതിദിനം ഒരു അവിദഗ്ധ തടവുകാരന് പ്രതിദിനം 40 രൂപയും വൈദഗ്ധ്യമുള്ള ആള്‍ക്ക് പ്രതിദിനം 60 രൂപയും ലഭിക്കും.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കീഴടങ്ങാന്‍ ആതാനും ആഴ്ചകള്‍ നീട്ടിനല്‍കണമെന്ന അഭ്യര്‍ഥനയുമായി സിദ്ദു വെള്ളിയാഴ്ച രാവിലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ അഭിഭാഷകന് അഭിഷേക് മനു സിങ്വിയോട് ശിക്ഷവിധിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിനെ കാണാന്‍ അവസരം ലഭിക്കാഞ്ഞതോടെ വൈകീട്ട് നാലുമണിയോടെ സിദ്ദു കീഴടങ്ങുകയായിരുന്നു.

