KSDLIVENEWS

Real news for everyone

ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം, ഇന്‍റന്‍റ് ലെറ്റ‍ര്‍ വേണ്ട; ട്രംപുമായി ഉടക്കി നെതന്യാഹു, ഒരു മണിക്കൂര്‍ നീണ്ട് ച‍ര്‍ച്ച

SHARE THIS ON

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അഭിപ്രായ വിത്യാസങ്ങളുണ്ടെന്നും യുദ്ധം തുടരണമെന്ന് നെതന്യാഹു കടുത്ത നിലപാട് സ്വീകരിച്ചെന്നും റിപ്പോർട്ടുകള്‍.

ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയില്‍ നീണ്ട പിരിമുറുക്കമുള്ള സംഭാഷണം നടന്നതായും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ വ്യോമാക്രമണം പുനരാരംഭിക്കണമെന്ന് ഇസ്രായേല്‍ നിർബന്ധം പിടിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുന്നതിനായി സൈനിക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും തകർക്കണമെന്നും, ഇതിനായി നേരത്തെ തീരുമാനിച്ച പോലെ യുദ്ധം പുനരാരംഭിക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു നിലപാടെടുത്തു.

എന്നാല്‍ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഒരു അവസരം കൂടി നല്‍കാമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചത്. ഇതില്‍ വിജയം കണ്ടില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. യുദ്ധം ഔപചാരികമായി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ ഒരു ഇന്‍റന്‍റ് ലെറ്റ‍ർ തയ്യാറാക്കുന്നുണ്ടെന്നും, ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിലൂടെ ചർച്ചകള്‍ക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ക്ക് പ്രയോജനപ്പെടുത്താനുമാകും എന്നുമാണ് ട്രംപ് പറയുന്നത്.

എന്നാല്‍ ട്രംപിന്റെ ഈ തന്ത്രത്തോട് നെതന്യാഹു വിയോജിച്ചതായാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നത്. ആക്രമണങ്ങള്‍ വൈകിപ്പിക്കുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരണമെന്ന് ട്രംപിനോട് പറഞ്ഞതായും നെതന്യാഹു തന്റെ നിരാശ അറിയിച്ചതായും ഇസ്രയേല്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താല്‍പര്യം പ്രകടിപ്പിച്ചത് ഇസ്രയേലിനെ ചൊടിപ്പിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, ഇറാൻ വിഷയത്തില്‍ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!