KSDLIVENEWS

Real news for everyone

മെമ്മറി കാര്‍ഡ് സംബന്ധിച്ച വാദം: ദിലീപിന്റെ ആവശ്യം തള്ളി, ആശങ്ക എന്തിനെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍, ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ഫോണിലിട്ട് പരിശോധിച്ചെന്നും, വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19-ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും വാദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ യഥാക്രമം 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13-നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!