KSDLIVENEWS

Real news for everyone

കോവളം – ബേക്കൽ ജലപാത:
ജില്ലയിലെ ആദ്യഘട്ടം കോട്ടപ്പുറം
മുതൽ ചിത്താരി വരെ

SHARE THIS ON

നീലേശ്വരം ∙ കോവളം – ബേക്കൽ ജലപാതയുടെ ജില്ലയിലെ ആദ്യഘട്ടം നീലേശ്വരം കോട്ടപ്പുറം മുതൽ ചിത്താരി വരെ. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ജലപാത പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പറഞ്ഞിരുന്നു. ‌വലിയപറമ്പിൽ നിന്നു കോട്ടപ്പുറം വരെ നിലവിൽ വഞ്ചിവീടുകൾ സർവീസ് നടത്തുന്ന പാതയിൽ ചില പാലങ്ങളുടെ ഉയരം പ്രശ്നമാണ്.

നീലേശ്വരം കോട്ടപ്പുറത്തെ മാട്ടുമ്മൽ നടപ്പാലം
നീലേശ്വരം കോട്ടപ്പുറത്തെ മാട്ടുമ്മൽ നടപ്പാലം
എന്നാൽ മണ്ണു നീക്കി ആഴം കൂട്ടേണ്ടി വരുന്ന ആദ്യഘട്ടത്തിൽ ഇതു പ്രശ്നമാകില്ലെന്നാണു നിഗമനം. സിയാലിന്റെ നിയന്ത്രണത്തിലുള്ള കേരള വാട്ടർ വേയ്സ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡും നാറ്റ്പാകും ചേർന്നാണ് അലൈൻമെന്റ് തയാറാക്കാൻ ഡ്രോൺ സർവേ നടത്തിയത്. ഇതിന്റെ റിപ്പോർട്ട് സർക്കാരിനു കൈമാറിയിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പാണ് പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 23 കിലോമീറ്റർ ജലപാത

നീലേശ്വരം കോട്ടപ്പുറം മുതൽ ചിത്താരി പഴയ പാലം വരെ 23 കിലോമീറ്ററോളം വരുന്ന ജലപാതയാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുക. ചിത്താരിയിൽ നിന്നു ബേക്കൽ വരെയുള്ള ഭാഗം അടുത്ത ഘട്ടത്തിലാണ് വരിക. കോട്ടപ്പുറത്തു നിന്നു നീലേശ്വരം പുഴയിലൂടെയാണ് ജലപാതയുടെ പ്രവേശന മാർഗം.

നമ്പ്യാർക്കാൽ വഴി അരയി കോട്ടക്കടവിലെത്തിയാൽ പിന്നെ സമീപത്തെ ചെറു തോടുകൾ വഴിയാണ് ചിത്താരി പുഴയിലേക്കുള്ള പ്രവേശനം. കോട്ടപ്പുറത്തു നിന്നു നമ്പ്യാർക്കാൽ വരെ നീളുന്ന ജലമാർഗത്തിൽ വർഷങ്ങൾക്കു മുൻപ് ചെറിയ തോതിൽ മണ്ണു നീക്കിയിരുന്നു. ഈ ഭാഗത്ത് ആഴമില്ലാത്ത മേഖലകളിൽ പുഴയുടെ ആഴം കൂട്ടുകയായിരുന്നു ഉദ്ദേശം.

ചെറുതോടുകൾ ചേർത്ത് പുതിയ കനാൽ

കോട്ടക്കടവ് മുതൽ മഡിയൻ വരെയുള്ള 6.5 കിലോമീറ്റർ പാതയിൽ ചെറു തോടുകൾ വീതി കൂട്ടിയും ദേശീയപാതയുൾപ്പെടെ മുറിച്ചു കടന്നുമെല്ലാം പുതിയ കനാൽ ഒരുക്കണം. നിലവിൽ പൂർത്തിയായ ഡ്രോൺ സർവേയിൽ വഴിയിലെ ചെറു തോടുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അനുബന്ധമായുള്ള ലാൻഡ് സർവേ പൂർത്തിയായാൽ മാത്രമേ ഇതിന്റെ രൂപരേഖ തയാറാക്കാനാകൂ.

തോയമ്മലിലെ ജില്ലാ ആശുപത്രിക്കു സമീപം വഴി കാരാട്ടു വയലിലേക്കിറങ്ങിയാണ് പാതയുടെ തുടർച്ച. ഇവിടെ ദേശീയപാത മുറിച്ചു കടക്കേണ്ടി വരും. ഇതിന്റെയൊക്കെ കൃത്യമായ സ്ഥലങ്ങൾ നിശ്ചയിക്കണമെങ്കിൽ ലാൻഡ് സർവേ കൂടി പൂർത്തിയാകണമെന്നു ഉൾനാടൻ ജലഗതാഗത വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ.അനൂപ് പറഞ്ഞു.

പുതു പാലങ്ങൾ, പുതുക്കിപ്പണിയലുകൾ

ജലോപരിതലത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ യാതൊരു നിർമിതികളും ഉണ്ടാകരുതെന്നാണ് ദേശീയ ജലപാത നയം. ഇതനുസരിച്ച് ജലപാത സുഗമമാക്കാൻ പുതിയ പാലങ്ങൾ നിർമിക്കേണ്ടിയും നിലവിലെ പാലങ്ങൾ പുതുക്കിപ്പണിയേണ്ടിയും വരും. കോട്ടപ്പുറത്തെ മാട്ടുമ്മൽ നടപ്പാലമാണ് പാതയിലെ ആദ്യ തടസ്സം. ഇവിടെ പുതിയ പാലത്തിനുള്ള രൂപരേഖയും വിശദമായ പദ്ധതി റിപ്പോർട്ടും തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. അരയി കോട്ടക്കടവ് തൂക്കുപാലവും ആദ്യഘട്ടത്തിൽ തന്നെ വഴിമാറും.

പടന്നക്കാട് കളത്തേര, പൊക്കനായി തൂക്കുപാലങ്ങളും മാറ്റേണ്ടി വരും. നമ്പ്യാർക്കാൽ അണക്കെട്ടിനു സമീപം ഡൈവേർഷൻ കനാൽ ഒരുക്കും. നിലവിലെ അണക്കെട്ടിനെ തൊടാതെ അരികിലെ ചെറു തോട്ടിലൂടെ വഴി തിരിഞ്ഞ് ജലപാത അരയിപ്പുഴയിലേക്കു പ്രവേശിക്കും. ഇവിടെ ഒരു ബൈപാസ് ആണ് ഉദ്ദേശിക്കുന്നത്. അരയി കോട്ടക്കടവിൽ നിന്ന് 6.5 കിലോമീറ്റർ പുതിയ കനാൽ തീർത്ത് മഡിയൻ തോടു വഴിയാണ് ചിത്താരി പുഴയിലെത്തുക.

യാത്ര, ചരക്കു ഗതാഗതം പിന്നെ വിനോദസഞ്ചാരം

ജലപാതയ്ക്കു ലക്ഷ്യങ്ങൾ മൂന്നാണ്. യാത്രാ സൗകര്യമൊരുക്കൽ, ചരക്കു നീക്കം ഒപ്പം വിനോദ സഞ്ചാരവും. നമ്പ്യാർക്കാലിൽ പ്രഖ്യാപിക്കപ്പെട്ട പാർക്ക് ജലപാതയിലെ വിനോദസഞ്ചാര സാധ്യത കൂടി മുന്നിൽ കണ്ടു കൊണ്ടുള്ളതാണ്. ഇത്തരം പാർക്കുകളും അനുബന്ധമായി ചെറു ബോട്ട് ജെട്ടികളുമെല്ലാം ജലപാതയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാര വകുപ്പുമായി ചേർന്നാണ് ഇവ സാധ്യമാക്കുക. സഞ്ചാരികളെയും വഹിച്ചുള്ള യാത്രാ ബോട്ടുകൾക്കു കടന്നു പോകാൻ ജലോപരിതലത്തിൽ നിന്നു 4 മീറ്റർ ഉയരം മതിയെങ്കിലും ബാർജുകൾ കൊണ്ടുപോകാനും ചരക്കു നീക്കം നടത്താനുമാണ് 6 മീറ്റർ എങ്കിലും ഉയരം വേണമെന്നു പറയുന്നത്. ഏതായാലും പാത കടന്നു പോകുന്ന വഴിയിൽ വൻ വികസന സാധ്യതയുണ്ട്.

പുതിയ പാലങ്ങൾ വരുന്നതും. തൂക്കുപാലങ്ങൾ റോഡ് പാലങ്ങൾക്കു വഴിമാറുന്നതും ഉയരമില്ലാത്ത പാലങ്ങൾ പുതുക്കി പണിയുന്നതുമെല്ലാം പുഴയോര, തീരദേശ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാനുമുതകും. ജലപാത കടന്നു പോകുന്ന വഴികളിൽ പുതിയ പാലങ്ങൾ വേണമെന്നും നടപ്പാലങ്ങൾ റോഡ് പാലമാക്കണമെന്നുള്ള ആവശ്യങ്ങൾ നാളുകളായി നിലനിൽക്കുന്ന പ്രദേശങ്ങളുണ്ട്.

ജലപാത നീളും; ബേക്കലും കടന്ന്

ചിത്താരി പഴയ പാലം വരെയുള്ള ജലപാതയാണ് ആദ്യ ഘട്ടമെങ്കിലും ഇവിടെ നിന്നു ബേക്കലിലേക്കു പിന്നെയും ദൂരമുണ്ട്. ആദ്യഘട്ടത്തിലേക്കു കടക്കുന്നതോടെ അടുത്ത ഘട്ടമായി ബേക്കൽ വരെയുള്ള പാതയുടെ സർവേ നടത്തും. വിനോദസഞ്ചാര സാധ്യത ഉപയോഗപ്പെടുത്താനാണിത്. ചിത്താരിയിൽ നിന്നു 4 കിലോമീറ്റലിൽ അധികം ദൂരം ജലസഞ്ചാരം വേണ്ടി വരും ബേക്കലിലേക്ക്. എന്നാൽ പാത ഇവിടെയും നിൽക്കില്ല. ജില്ലാ ആസ്ഥാനമായ കാസർകോടേക്കും അവിടെ നിന്നു ജില്ലാ അതിർത്തി വരെയും നീളുന്നതാകും അവസാന ഘട്ടമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!