KSDLIVENEWS

Real news for everyone

ദേശീയപാത വികസനം ; വീടുകളും മതിലുകളും പൊളിയില്ല : തെക്കില്‍ ബൈപാസ് അലൈന്‍മെന്റ്‌ പുതുക്കും

SHARE THIS ON

കാസര്‍കോട്: തെക്കില്‍– പെരുമ്ബളക്കടവ്‌ ബൈപാസ്‌ നിര്‍മ്മാണത്തിലെ എതിര്‍പ്പ്‌ മറികടക്കാന്‍ പുതിയ അലൈന്‍മെന്റ്‌ തയ്യാറാക്കും.ഇന്നലെ രാവിലെ റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഐസക്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി സി.എച്ച്‌.കുഞ്ഞമ്ബു എം.എല്‍.എയ്‌ക്കൊപ്പം പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് പുതിയ അലൈന്‍മെന്റ്‌ തയ്യാറാക്കാന്‍ തീരുമാനിച്ചത്‌. 15 ദിവസത്തിനകം പുതിയ അലൈന്‍മെന്റ്‌ തയ്യാറാക്കി കൈമാറും. കിഫ്‌ബി ഫണ്ടില്‍ 55 കോടി രൂപയാണ്‌ ബൈപാസിന്‌ അനുവദിച്ചിട്ടുള്ളത്‌. 12 വീടും രണ്ട്‌ മതിലുകളും പൊളിക്കേണ്ടി വരുമെന്നതിനാല്‍ റോഡ്‌ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗം ചര്‍ച്ച ചെയ്‌താണ്‌ പുതിയ അലൈന്‍മെന്റ്‌ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചത്‌.

ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ഡി.ബി.സി) കെ .കെ. അനില്‍കുമാര്‍, പ്രോജക്‌ട്‌ എന്‍ജിനിയര്‍ കെ. അനീഷ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കര്‍, വൈസ്‌ പ്രസിഡന്റ്‌ മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്തംഗങ്ങളായ കെ. കൃഷ്‌ണന്‍, മറിയം മാഹിന്‍, ആക്‌ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ .നാരായണന്‍ നായര്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

എതിര്‍പ്പ് പെരുമ്ബള പാലത്തിന് സമീപം
തെക്കിലില്‍നിന്നും പുഴയോരത്തുകൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡിന്റെ പെരുമ്ബള പാലത്തിന്‌ സമീപത്താണ് എതിര്‍പ്പ് നേരിടേണ്ടിവന്നത്. ഇവിടെ വീടുകള്‍ ഒഴിവാക്കണമെങ്കില്‍ 250 മീറ്ററോളം ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കേണ്ടിവരും. ഇതിന്‌ പത്തുകോടിയോളം വേണ്ടിവരുമെന്നതിനാല്‍ മറ്റു മാര്‍ഗമുണ്ടോയെന്നാണ് പരിശോധിക്കുക. പുതിയ അലൈന്‍മെന്റ്‌ തയ്യാറാക്കി ലഭിച്ചാലുടന്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച്‌ അംഗീകാരം നേടണം. തുടര്‍ന്ന്‌ തുകയില്‍ വ്യത്യാസം വരുത്താതെ വീണ്ടും കിഫ്‌ബി അനുമതിയോടെ പുതിയ റോഡ്‌ നിര്‍മ്മിക്കാമെന്നാണ്‌ കരുതുന്നതെന്ന്‌ സി എച്ച്‌ കുഞ്ഞമ്ബു എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!