ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; രണ്ട് പേര് മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം. ബന്നാർഘട്ട റോഡിലുള്ള മന്ദ്റി അസ്പയർ പാർപ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്ലാറ്റിലുണ്ടായിരുന്നത്. തീപടർന്നതോടെ ഇവർ ബാൽക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികൾ രക്ഷപ്പെടുത്താൻ തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ല.
രക്ഷാപ്രവർത്തനത്തിനിടെയാണ് മറ്റുള്ളവർക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്.

