KSDLIVENEWS

Real news for everyone

മലവെള്ളപ്പാച്ചിലില്‍ മണിമലയാറ്റിലൂടെ ഒഴുകി, നാട്ടുകാര്‍ കയറിട്ട് രക്ഷപ്പെടുത്തിയ സജി; ജീവനോടെയുണ്ട്, ആ വീഡിയോ കാണാം

SHARE THIS ON

മല്ലപ്പള്ളി: കലങ്ങിയൊഴുകി കുത്തിയൊലിച്ചെത്തുന്ന മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന ഒരാൾ.. മല്ലപ്പള്ളി പാലത്തിൽ നിന്ന് കയർ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നാട്ടുകാർ.. ഇക്കഴിഞ്ഞ ഉരുൾപൊട്ടൽ ദുരന്തദിവസങ്ങളിൽ നാം ഞെട്ടലോടെയും ആശങ്കയോടെയും കണ്ട ദൃശ്യങ്ങളായിരുന്നു ഇത്. എന്നാൽ ഒഴുകിയെത്തിയ ആൾ രക്ഷപ്പെട്ടോ എന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മൂന്ന് മിനുട്ടോളം മാത്രം ദൈർഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നില്ല. ആ ആൾക്ക് പിന്നീട് എന്ത് സംഭവിച്ചു? ആരാണ് അയാൾ?

മുരുണി സ്വദേശിയായ ടി.ഡി സജി ആണ് വീഡിയോയിലുള്ള ആൾ. മലവെള്ളത്തിൽ മുങ്ങിയ തന്റെ വള്ളം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സജിയും കൂട്ടുകാരൻ മനോജും ഒഴുക്കിലകപ്പെട്ടത്. അതിസാഹസികമായ രക്ഷപ്പെടലിനെ കുറിച്ച് സജി പറയുന്നത് ഇങ്ങനെ..



‘പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ വള്ളം മാറ്റാനായി കെട്ടഴിച്ചു. പക്ഷേ കൈയിൽ നിന്ന് വിട്ടുപോയി. മരത്തിനടിച്ച് വള്ളം പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. അത് പിടിക്കാനായി ശ്രമിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒഴുകിപ്പോയത്. അരമണിക്കൂറോളം ഒഴുകിയിരുന്നു. തീരത്തേക്ക് നീന്താൻ ശ്രമിച്ചിട്ടും ചുഴി ഉള്ളതിനാൽ സാധിച്ചിട്ടില്ല.

ഇത് പാലത്തിന് മേലെ നിൽക്കുന്ന ആൾക്കാർ കാണുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവർ കയർ ഇട്ടുതന്നത്. കയറിൽ തൂങ്ങിനിൽക്കുമ്പോഴും മലവെള്ളത്തിൽ വലിയ മരവും മറ്റെന്തൊക്കയോ സാധനങ്ങളും വന്ന് ശരീരത്തിൽ അടിക്കുന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ നിന്നാൽ രക്ഷപ്പെടില്ലെന്ന് മനസ്സിലായപ്പോൾ വീണ്ടും താഴേക്ക് നീന്തി. എങ്ങനെയൊക്കയോ രക്ഷപ്പെട്ട് കരയ്ക്കെത്തി. കരയ്ക്കെത്തിയപ്പോൾ കൂട്ടുകാരൻ വീട്ടിലെത്തിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് വീട്ടിലും ആള് കൂടിയിരുന്നു. അതിനുശേഷമാണ് ഭാര്യ പോലും അറിയുന്നത്.’ സജിയുടെ വാക്കുകളിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!