സാമൂഹിക പുരോഗതിയില്‍ തിളങ്ങി കേരളം; കേന്ദ്ര പട്ടികയില്‍ ഒന്‍പതാം സ്ഥാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയില്‍ നേട്ടവുമായി കേരളം. വളരെ ഉയര്‍ന്ന സാമൂഹിക പുരോഗതിനേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒമ്പതാംസ്ഥാനം നേടി.

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും (65.99) ലക്ഷദ്വീപുമാണ് (65.89) ഒന്നും രണ്ടും സ്ഥാനത്ത്. സൂചികയില്‍ 65-ലേറെ സ്‌കോര്‍ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നീ സംസ്ഥാനങ്ങള്‍ക്കാണ് യഥാക്രമം മൂന്നും നാലും റാങ്ക്. മിസോറം (64.15) അഞ്ചും തമിഴ്നാട് (63.33) ആറും ഹിമാചല്‍ പ്രദേശ് (63.28) ഏഴും ചണ്ഡീഗഢ് (62.37) എട്ടും റാങ്ക് നേടി. കേരളത്തിന് 62.05 സ്‌കോറാണുള്ളത്. ഒമ്പതാം സ്ഥാനത്തെ കേരളവും പത്താമതുള്ള ജമ്മു കശ്മീരും തമ്മില്‍ ഒന്നര സ്‌കോറോളം വ്യത്യാസവുമുണ്ട്. വളരെ കുറഞ്ഞ സാമൂഹിക പുരോഗതി വിഭാഗത്തിലുള്ളത് ഝാര്‍ഖണ്ഡ് (43.95), ബിഹാര്‍ (44.47), അസം (44.92) എന്നീ സംസ്ഥാനങ്ങളാണ് .
അടിസ്ഥാന ആവശ്യങ്ങള്‍, ക്ഷേമ അടിത്തറ, അവസരങ്ങള്‍ എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോര്‍ നിശ്ചയിച്ച് സാമൂഹിക പുരോഗതിയെ ആറായി റാങ്ക് തിരിച്ചു.
ശ്രേണി 1: വളരെ ഉയര്‍ന്ന സാമൂഹികപുരോഗതി, ശ്രേണി 2: ഉയര്‍ന്ന സാമൂഹികപുരോഗതി, ശ്രേണി 3: ഉയര്‍ന്ന മധ്യവര്‍ഗ സാമൂഹികപുരോഗതി, ശ്രേണി 4: താഴ്ന്ന മധ്യവര്‍ഗ സാമൂഹികപുരോഗതി, ശ്രേണി 5: കുറഞ്ഞ സാമൂഹികപുരോഗതി, ശ്രേണി 6: വളരെ കുറഞ്ഞ സാമൂഹികപുരോഗതി എന്നിങ്ങനെയാണ് വിഭജനം.
ആഗോളതലത്തില്‍ സാമൂഹികപുരോഗതി സൂചികയില്‍ ഇന്ത്യ 110-ാം റാങ്കിലാണ്. 60.19 സ്‌കോറുള്ള ഇന്ത്യ നാലാം ശ്രേണി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
പോഷകാഹാരത്തിലും പരിചരണത്തിലും മുന്നില്‍; ആരോഗ്യ സൗഖ്യമില്ലാതെ കേരളം
ന്യൂഡല്‍ഹി: പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെന്ന് സാമൂഹികപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രണ്ടുമാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്‌കോര്‍ 67.88 ആണ്. രണ്ടാംസ്ഥാനത്തുള്ള ലക്ഷദ്വീപിന് 66.58-ഉം മൂന്നാമതുള്ള സിക്കിമിന്-65.57-ഉം സ്‌കോര്‍ ലഭിച്ചു. ദേശീയ ശരാശരി 49.22 ആണ്. അതേസമയം, ആരോഗ്യസൗഖ്യത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിറകിലാണ് കേരളം. ജീവിതശൈലീ രോഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത് സംസ്ഥാനത്തെയാണ്.
പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവയില്‍ ദേശീയശരാശരിയിലും കൂടുതല്‍ സ്‌കോര്‍ ലഭിച്ച 340 ജില്ലകളില്‍ പത്തനംതിട്ട (63.09), കോഴിക്കോട്(62.21), തിരുവനന്തപുരം(62.03) എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ ശരാശരിയെക്കാളും ഏറെ മുന്നിലാണ്.
സ്ത്രീകളിലെ വിളര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചതും ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണനിരക്കും ഈ രംഗത്ത്് സംസ്ഥാനത്തെ മുന്നിലെത്തിച്ചു. പോഷകാഹാരലഭ്യതയില്‍ പത്തനംതിട്ടയാണ് മുന്നില്‍. 6-23 മാസം പ്രായമുള്ള 50.1 ശതമാനം കുട്ടികള്‍ക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ട്.
ഉയര്‍ന്ന സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ആരോഗ്യസൗഖ്യം കുറയാന്‍ മുഖ്യകാരണം പ്രമേഹവും രക്താതിസമ്മര്‍ദവുമാണ്. ദേശീയ ശരാശരിയായ 53.99-നെക്കാളും പിറകില്‍ 34.4 ആണ് ആരോഗ്യസൗഖ്യത്തില്‍ സംസ്ഥാനത്തിന്റെ സ്‌കോര്‍. പുതുച്ചേരിയുടേത് 37.1-ഉം ആന്ധ്രപ്രദേശിന്റേത് 39.17-ഉം ആണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഗുരുതര ശ്വാസകോശരോഗങ്ങള്‍, കുഷ്ഠം, എച്ച്.ഐ.വി., കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ്, ആയുര്‍ദൈര്‍ഘ്യം എന്നിവയാണ് ആരോഗ്യസൗഖ്യ സൂചിക കണക്കാക്കാന്‍ അടിസ്ഥാനമാക്കിയത്

