KSDLIVENEWS

Real news for everyone

തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ്; ഡി.എം.കെ സഖ്യത്തിന് മിന്നും ജയം, ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമെന്ന് സ്റ്റാലിന്‍

SHARE THIS ON

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് മിന്നും വിജയം. മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെയുടെ തട്ടകമായ വടക്കന്‍ തമിഴ്‌നാട്ടിലെ 75 ശതമാനം സീറ്റുകളിലും ഡി.എം.കെ വെന്നിക്കൊടി പാറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ തമിഴ്‌നാടിന് കീഴിലെ കോയമ്ബത്തൂര്‍ പ്രദേശത്തെ പത്തു സീറ്റുകളും എ.ഐ.എ.ഡി.എം.കെ തൂത്തുവാരിയിരുന്നു.

ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 425 വാര്‍ഡുകളില്‍ ഡി.എം.കെയും 75 വാര്‍ഡുകളില്‍ എ.ഐ.എ.ഡി.എം.കെയും വിജയിച്ചു. മുന്‍സിപ്പാലിറ്റിയില്‍ 1832 സീറ്റുകള്‍ ഡി.എം.കെ സ്വന്തമാക്കിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ 494 സീറ്റുകളില്‍ ഒതുങ്ങി. നഗര പഞ്ചായത്തില്‍ 4261 സീറ്റുകളുമായി ഡി.എം.കെ മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ നേടിയത് 1178 സീറ്റുകള്‍ മാത്രം.

പത്തു വര്‍ഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്‍പതു മാസത്തെ സ്‌റ്റാലിന്‍ ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഡി.എം.കെയുടെ വിജയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡി.എം.കെ സര്‍ക്കാരില്‍ പൊതുജനത്തിനുള്ള വിശ്വാസമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറ‍ഞ്ഞത്.

അതേസമയം, ജനവിധിക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍സെല്‍വം പ്രതികരിച്ചത്. ഭരണകക്ഷിയുടെ കൃത്രിമ വിജയമാണിതെന്നും എ.ഐ.എ.ഡി.എം.കെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിനും ചലനമുണ്ടാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!