എം.ഡി.എം.എ വിഴുങ്ങിയ സംഭവം: പരിശോധനയിൽ വയറ്റിൽ ലഹരി കണ്ടെത്തി; ഫായിസിനെ പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ

എംഡിഎംഎ വിഴുങ്ങിയെന്ന് സംശയത്തിൽ താമരശേരിയിൽ നിന്നും പിടികൂടിയ യുവാവിന്റെ വയറ്റിൽ നിന്ന് എംഡിഎൺഎ പിടികൂടി. അരയയേറ്റുംചാലിൽ സ്വദേശി ഫായിസിന്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഫായിസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വീട്ടിൽ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലെ ബഹളത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങുകയായിരുന്നു. എന്നാൽ, നാട്ടുകാർ ഓടിയെത്തി യുവാവിനെ കീഴ്പ്പെടുത്തി. യുവാവിനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

