കോവിഡൊക്കെ നിസ്സാരം! മറിഞ്ഞ ലോറിയില്‍ നിന്ന് ബിയര്‍കുപ്പികള്‍ കടത്താന്‍ തിക്കും തിരക്കും

ചിക്കമംഗളൂർ: തലകീഴായി മറിഞ്ഞ ഒരു ലോറി, ലോറിക്ക് മുകളിലും ചുറ്റിലും വൻ ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ഒരു വീഡിയോദൃശ്യമാണിത്. ലോറി അപകടത്തിൽ പെട്ടതറിഞ്ഞ് കോവിഡിനെ വകവെക്കാതെ തടിച്ചുകൂടിയ ജനങ്ങളാണെന്ന് കരുതിയാൽ തെറ്റി; മറിഞ്ഞ ലോറിയിൽ നിന്ന് ബിയർകുപ്പികൾ കടത്തിക്കൊണ്ടു പോകാനെത്തിയ വൻ ജനക്കൂട്ടമാണിത്. കർണാടകയിലെ ചിക്കമംഗളൂരിൽ ഏപ്രിൽ 20 നാണ് സംഭവം. നഞ്ജൻഗുഡിലെ ഒരു ഡിസ്റ്റിലറിയിൽ നിന്ന് ശിവമോഗ്ഗയിലേക്ക് പോയ ലോറിയാണ് തിക്കെരിയിലെ എംസി ഹള്ളിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി. ലോറിയിൽ നിന്ന് റോഡിലേക്ക് വീണ പെട്ടികളിൽ നിന്നും ലോറിക്കുള്ളിൽ അവശേഷിച്ച പെട്ടികളിൽ നിന്നും കുപ്പികളെടുത്ത് ആളുകൾ സ്ഥലം വിട്ടു. കഥയറിഞ്ഞതോടെ സ്ഥലത്തെത്തുന്ന ആളുകളുടെ എണ്ണവും കൂടി. ബിവറേജസിന് മുന്നിലെ അതേ സഹകരണവും സഹവർത്തിത്വവും അപകടസ്ഥലത്തും മദ്യപ്രേമികൾ മറന്നില്ലെങ്കിലും മാസ്ക് ധരിക്കലും സാമൂഹികാകലം പാലിക്കലും ഭൂരിഭാഗം പേരും മറന്നു.

