മനസാക്ഷിയെ ഞെട്ടിക്കുന്നത്: ബാബ രാംദേവിന്‍റെ സര്‍ബത്ത് ജിഹാദ് പരാമര്‍ശത്തിനെതിരെ ഡല്‍ഹി ഹൈകോടതി

ന്യുഡല്‍ഹി: സർബത്ത് ജിഹാദ് വിദ്വേഷ പരാമർശത്തിലൂടെ മുസ്ലിംകളെ അധിക്ഷേപിച്ച യോഗ ഗുരു ബാബ രാംദേവിനെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി ഹൈകോടതി.
രാംദേവിന്‍റെ പരാമർശം ന്യായീകരിക്കാനാവാത്തതും കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ജസ്റ്റിസ് അമിത് ബൻസാല്‍ നിരീക്ഷിച്ചു. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്ബനി തങ്ങളുടെ വരുമാനം പള്ളികളും മദ്റസകളും നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണെന്നും സർബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവിന്‍റെ പരാമർശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ വിവാദ പരാമർശം.
സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്‌ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വിഡിയോ പങ്കുവെച്ചത്. ഇതിനെതിരെ ഹംദർദ് ലബോറട്ടറീസാണ് കോടതിയെ സമീപിച്ചത്.
തങ്ങളുടെ ഉല്‍പന്നങ്ങളെ ലക്ഷ്യമിട്ട് രാംദേവ് വർഗീയ, വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു കമ്ബനി ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹംദർദിന്‍റെ റൂഹ് അഫ്സ സർബത്തിനെ ലക്ഷ്യമിട്ടായിരുന്ന രാംദേവിന്‍റെ പരാമർശം. മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് കമ്ബനിക്കുവേണ്ടി ഹാജരായത്. ‘അപമാനിക്കല്‍ എന്നതിനപ്പുറം, ഇതൊരു ഞെട്ടിക്കുന്ന കേസാണ്, വിദ്വേഷ പ്രസംഗത്തിന് സമാനമായി വർഗീയ വിഭജനം സൃഷ്ടിക്കുന്നതാണിത്. അപകീർത്തി നിയമത്തിന്‍റെ പരിരക്ഷ ഇതിന് ലഭിക്കില്ല’ -റോത്തഗി കോടതിയില്‍ പറഞ്ഞു.
ഒരു നിമിഷംപോലും ഇത് അനുവദിക്കരുത്. രാജ്യത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. നേരത്തെ, സർബത്ത് ജിഹാദിലൂടെ മത വിദ്വേഷം പ്രചരിപ്പിച്ചതിന് രാംദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭോപ്പാലിലെ ടി.ടി നഗർ പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
ലവ് ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദെന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കിട്ട വിഡിയോ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്.

