KSDLIVENEWS

Real news for everyone

ആക്രമണം പഹല്‍ഗാമിലെ മിനി സ്വിറ്റ്‌സര്‍ലൻഡിൽ: കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ; രണ്ട് വിദേശികളും

SHARE THIS ON

ശ്രീനഗര്‍: രാജ്യത്തെ നടുക്കി ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീര്‍ വീണ്ടും ചോരക്കളമായി മാറിയപ്പോള്‍ ഇത്തവണ ജീവന്‍ നഷ്ടമായത് ജീവിതം ആസ്വദിക്കാനെത്തിയവര്‍ക്കാണ്. കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ പുല്‍മേട്ടില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഭീകരര്‍ തോക്കുകൊണ്ട് താണ്ഡവമാടിയപ്പോള്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭൂരിഭാഗവും വിനോദ സഞ്ചാരികള്‍. 2019-ല്‍ പുല്‍വാമയിലെ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

കൊല്ലപ്പെട്ട 26 പേരില്‍ രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉള്‍പ്പെടുന്നുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലും, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ശക്തി പ്രാപിക്കുന്ന ഘട്ടത്തിലുംകൂടിയാണ് ഭീകരാക്രമണം അരങ്ങേറിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണിവിടം. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാണിത്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് വിളിപ്പേരുള്ള ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധധാരികളായ ഭീകരര്‍, ഭക്ഷണശാലകള്‍ക്ക് ചുറ്റും കൂടിനിന്നവരും കുതിര സവാരി നടത്തുകയായിരുന്നവരുമടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദി അറേബ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ധരിപ്പിക്കുകയും, തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തുകയും ചെയ്തു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.

തന്റെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ആക്രമണത്തിന്റെ ഇരയായ കര്‍ണാടക സ്വദേശി മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി പറഞ്ഞു. തന്നെ കൊല്ലില്ലെന്നും പോയി മോദിയോട് പറയൂവെന്ന് ഭീകരര്‍ പറഞ്ഞതായും പല്ലവി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!