KSDLIVENEWS

Real news for everyone

മുണ്ടത്തിക്കോട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം നൽകും

SHARE THIS ON

തൃശ്ശൂർ: വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനാണ് അന്വേഷണ ചുമതല. ബുധനാഴ്ച രാവിലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം ധനസഹായം നൽകാനും പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് അടിയന്തര സഹായമായി രണ്ടുലക്ഷം രൂപവീതം നൽകാനും തീരുമാനിച്ചു. പരിക്കേറ്റവർക്ക് ആറുമാസത്തെ സൗജന്യ ചികിത്സ നൽകാനും തീരുമാനമായി.

അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നാലുലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പത്തു ലക്ഷവും ഉൾപ്പെടെയാണ് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നൽകുക. പരിക്കേറ്റവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷവും നൽകും. ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയ്ക്ക് പുറമെയാണിത്. 

പരിക്കേറ്റവർക്ക് ആറുമാസത്തെ സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു. ആറുമാസത്തിലധികം ചികിത്സ ആവശ്യമാകുന്നവർക്ക് മെഡിക്കൽ ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രിയിലെ പൂർണ ചെലവുകളും സി.എം.ഡി.ആർ.എഫിൽനിന്ന് അനുവദിക്കുന്നതും യോഗത്തിൽ പരിഗണിച്ചു.

സുരക്ഷാ ആവശ്യങ്ങൾക്കായി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ വയലുകളുൾപ്പെടെയുള്ള സ്ഥലങ്ങൾ നികത്തിയത് പൂർവസ്ഥിതിയിലാക്കും. സ്‌ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങളേക്കുറിച്ച് കളക്ടറുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം അവ പൂർവസ്ഥിതിയിലാക്കാൻ ധനസഹായം നൽകും. 

മൂന്ന് കെഡാവർ നായകളെ ഉൾപ്പെടുത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരെ തിരിച്ചറിയാനായി ഡി.എൻ.എ. പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടം നടന്ന സ്ഥലത്ത് എത്ര പേരുണ്ടായിരുന്നുവെന്ന് കൃത്യമായ കണക്കില്ലെന്നും കാണാതായവരെക്കുറിച്ച് കൺട്രോൾ റൂമിൽ വിവരം നൽകണമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!