KSDLIVENEWS

Real news for everyone

ടോക്യോ ഉണര്‍ന്നു; ഒളിമ്പിക്‌സ് ഉദ്ഘാടനം നാളെ

SHARE THIS ON

ടോക്യോ: കോവിഡ് ആശങ്കയിൽ അവസാനനിമിഷംവരെ അനിശ്ചിതത്വമുണ്ടെങ്കിലും മാനവരാശിയുടെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്സിനായി ടോക്യോ നഗരം ഉണർന്നു. കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്നാണ് പ്രതീക്ഷ.

ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോൾ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങൾ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാൻ ജയിച്ചു. വനിതകളുടെ ഫുട്ബോളിൽ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡൻ (3-0) അട്ടിമറിച്ചു.


ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയിൽനിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകൾ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

ഒരു വർഷം വൈകി


2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ്, കോവിഡ് വ്യാപനത്തിൽ നീട്ടുകയായിരുന്നു. 125 വർഷംനീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തിൽ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം. ലോകയുദ്ധം കാരണം മൂന്നുവട്ടം ഉപേക്ഷിച്ചിരുന്നു.

വെല്ലുവിളികൾ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്സ് ദീപം തെളിയുന്നത്. സംഘാടകസമിതി തലവനായിരുന്ന ജപ്പാന്റെ മുൻ പ്രധാനമന്ത്രി യോഷിഹിരോ, സ്ത്രീവിരുദ്ധ പ്രസ്താവനയുടെപേരിൽ രാജിവെച്ചു. കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചു. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനവും ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമാണ്.

ടോക്യോയിലെ ഒളിമ്പിക്സ് വില്ലേജിലടക്കം കോവിഡ് 19 റിപ്പോർട്ടുചെയ്തു. അവസാനനിമിഷം ഗെയിംസ് ഉപേക്ഷിച്ചുകൂടായ്കയില്ലെന്ന് സംഘാടകസമിതി തലവൻ തോഷിറോ മുട്ടോ കഴിഞ്ഞദിവസവും പറഞ്ഞിട്ടുണ്ട്.


മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും നേടിയിരുന്നു. ഇക്കുറി ബോക്സിങ്ങിൽ മേരി കോം, അമിത് പംഗൽ, ഗുസ്തിയിൽ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുണിയ, ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി, മനു ഭേക്കർ, ഭാരോദ്വഹനത്തിൽ മിരാബായ് ചാനു തുടങ്ങിയവർ സാധ്യതയിലുണ്ട്. ഹോക്കി, അമ്പെയ്ത്ത് ടീമുകളും പ്രതീക്ഷയിലാണ്. ജാവലിനിൽ ജൂനിയർ തലത്തിൽ ലോകറെക്കോഡിട്ട നീരജ് ചോപ്രയിലൂടെ ഇന്ത്യ അത്ലറ്റിക്സിൽ മെഡൽ നേടുമെന്ന് പ്രതീക്ഷിക്കുന്നവരേറെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!