7 നവജാതശിശുക്കളെ കൊന്നിട്ടും മനസ്സാക്ഷിക്കുത്തില്ലാതെ നഴ്സ്; ഇനി ഒരിക്കലും പുറംലോകം കാണില്ല

ലണ്ടന്‍∙ ഏഴുനവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ഇനി പുറംലോകം കാണില്ല. യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) ജീവിതകാലം മുഴുവന്‍ കോടതി തടവു ശിക്ഷ വിധിച്ചു. ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പൈശാചികതയുടെ പ്രതിരൂപമായ ലെറ്റ്ബി ഇനി ഒരിക്കലും പുറംലോകം കാണില്ല. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഏറ്റവും ക്രൂരവും കണക്ക് കൂട്ടിയുമുള്ള കൊലപാതക പരമ്പരയാണ് നടന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷിക്കുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. വിധി കേൾക്കാൻ കോടതിയിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ നിരവിധി ആളുകൾ എത്തിയിരുന്നു. ശിക്ഷ വിധിക്കുമ്പോൾ ലൂസി ലെറ്റ്ബി കോടതിയിൽ നേരിട്ട് ഹാജരായില്ല. അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളെ പരിചരിച്ചിരുന്നത് ലെറ്റ്ബിയായിരുന്നു. ‘‘ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല’’ എന്ന് ലൂസി എഴുതിവച്ച കുറിപ്പ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാത്രി ജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണു കുഞ്ഞുങ്ങളെ വകവരുത്തിയത്. ഇതിനായി അവർ കൂടുതൽ സമയം ജോലി ചെയ്യാൻ താൽപര്യപ്പെടുകയും ചെയ്തു. കുട്ടികളെ വകവരുത്തിയ ശേഷം മരിച്ചുവെന്ന് സഹപ്രവർത്തകർക്ക് മെസേജ് അയച്ചു. കുട്ടികൾ മരിച്ചതിൽ സങ്കടം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ഡോക്ടറുടെ സംശയം: ലെറ്റ്ബി പിടിയിൽ നവജാതശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന്റെ ഇടപെടല്‍. 2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. ഡോക്ടർ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രി മാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു, അതില്‍ സംശയങ്ങള്‍ പങ്കുവയ്ക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഡോക്ടര്‍മാരെ അനുവദിച്ചത്. തുടര്‍ന്ന്, സംശയങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ പൊലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു. പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടര്‍ പ്രതികരിച്ചു. ‘‘ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അതില്‍ നാലോ അഞ്ചോ കുരുന്നുകള്‍ ഇന്ന് സ്കൂളില്‍ പോകുന്നവരാകുമായിരുന്നു’’ – അദ്ദേഹം പറഞ്ഞു.

