കാറിന്റെ ബോണറ്റിനുള്ളിൽനിന്ന് പെരുമ്പാമ്പിനെ പിടിച്ചു

മംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് നിന്നു. പിന്നീട് സ്റ്റാർട്ടാകുന്നില്ല. മെക്കാനിക്കിനെ വരുത്തി ബോണറ്റ് തുറന്നപ്പോൾ കണ്ടത് വലിയൊരു പെരുമ്പാമ്പ് എൻജിന്റെ ഇടയിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞദിവസം മംഗളൂരു മന്നഗുഡ്ഡയിലാണ് സംഭവം. കുദ്രോളി കമ്പള അപ്പാർട്ട്മെന്റിൽനിന്നാണ് കാർ പുറപ്പെട്ടത്. മന്നഗുഡ്ഡയിലെത്തിയപ്പോൾ കാറിന്റെ വേഗം കുറയുകയും പെട്ടെന്ന് നിൽക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പുറത്തെടുത്തത്. ഇതുകാണാനായി ജനങ്ങൾ തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കുമുണ്ടായി. ബോണറ്റിന്റെ ഭാഗങ്ങളിൽ കുടുങ്ങി ചെറിയതോതിൽ പരിക്കേറ്റ പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.

