തകര്‍ന്ന കൂട്ടിക്കലിന് മമ്മൂട്ടിയുടെ കരുതല്‍; ആരോഗ്യ സേവനങ്ങളും ആവശ്യവസ്തുക്കളും എത്തിച്ചു നല്‍കി

കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ മേഖലയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയിലൂടെ അദ്ദേഹം കൂട്ടിക്കല്‍ ജനതയ്ക്ക് സഹായം ഒരുക്കുകയായിരുന്നു. മമ്മൂട്ടി ഏര്‍പ്പെടുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരു മെഡിക്കല്‍ സംഘം വ്യാഴാഴ്ച കൂട്ടിക്കലില്‍ എത്തി.
ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും പള്‍മോണോളജിസ്റ്റുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തി. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം നിരവധി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും എത്തിച്ചു.
10 കുടുംബങ്ങളില്‍ ഒന്ന് എന്ന നിലയില്‍ വിതരണം ചെയ്യുന്നതിനായി 100 ജലസംഭരണ സംവിധാനങ്ങളും മമ്മൂട്ടി സ്പോണ്‍സര്‍ ചെയ്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിയുവ ഉള്‍പ്പെട്ട നിരവധി ബാഗുകള്‍, ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണത്തിനായി എത്തിച്ചു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴയും സംഘവും ദുരന്തത്തിന്റെ അടുത്ത ദിവസം കൂട്ടിക്കല്‍ സന്ദര്‍ശിച്ചിരുന്നു. സംഘം നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് മമ്മൂട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തിട്ടുണ്ട്. കാനഡയിലും യുഎസിലുമുള്ള മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ആളുകളെ സഹായിക്കുന്നതിന് സ്പോണ്‍സര്‍മാരായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ പേമാരിയില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മലമ്ബ്രദേശത്തും ഇടുക്കി ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം മഴയാണ് കടന്നു പോയത്.
പ്ലാപ്പള്ളിയിലും കാവാലിയിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഉരുള്‍പൊട്ടലുകളില്‍ മൂന്ന് വീടുകളും ഒരു ചായക്കടയും ഒലിച്ചുപോയതോടെ കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് മഴക്കെടുതിയുടെ കനത്ത പ്രത്യാഘാതം നേരിട്ടു.
ഇടുക്കിയിലും കോട്ടയത്തുമായി 24 മരണങ്ങള്‍ ആണ് രേഖപ്പെടുത്തിയത്.
കോട്ടയം ജില്ലയില്‍ ദുരന്തമുണ്ടായത് കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ്. കോട്ടയം ടൗണില്‍ നിന്ന് മുണ്ടക്കയം ടൗണിലേക്ക് 52 കിലോ മീറ്ററാണ് ദൂരം. മുണ്ടക്കയം ടൗണില്‍ നിന്ന് ഇടത്തോട്ട് മുക്കുളം എന്ന സ്ഥലത്തേക്ക് 14 കിലോ മീറ്ററാണുള്ളത്. ഈ വഴി ഏതാണ്ട് 7 കിലോമീറ്റര്‍ എത്തുമ്ബോള്‍ കൂട്ടിക്കലെത്തും.ഈരാറ്റുപേട്ടയില്‍ നിന്ന് പറത്താനം വഴിയും കൂട്ടിക്കലെത്താം.
അതുപോലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നവര്‍ക്ക് തൊടുപുഴയില്‍ നിന്ന് മേലുകാവില്‍ എത്തി അവിടെ നിന്ന് പറത്താനം വഴി കൂട്ടിക്കലുമെത്താം. ഇവിടെ നിന്ന് മറ്റൊരു വഴി തിരിഞ്ഞുപോകുമ്ബോഴാണ് കാവാലി. കാവാലിക്ക് അടുത്ത സ്ഥലമാണ് പ്ലാപ്പള്ളി. രണ്ട് കിലോ മീറ്റര്‍ ദൂരമുണ്ട് കാവാലിയും പ്ലാപ്പള്ളിയും തമ്മില്‍. ഇവിടെ നിന്ന് വളരെ അടുത്താണ് ഇടുക്കി ജില്ലയിലെ കൊക്കയാര്‍.

