ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം മാറ്റിവെക്കണം; ബ്രിട്ടീഷ് എംപിമാര്‍ക്ക് കത്തയയ്ക്കും -കര്‍ഷകര്‍

ന്യൂഡൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് കുൽവന്ത് സിങ് സന്ധു. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കർഷകർ വൻതോതിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി – ഹരിയാണ അതിർത്തിയിലെ സിൻഹുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർക്ക് കർഷക സംഘടനകൾ കത്തയയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കുംവരെ സന്ദർശനം മാറ്റിവെക്കാൻ എംപിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ കേന്ദ്ര സർക്കാർ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സർക്കാർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കത്തയയ്ക്കുന്നത്.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളിന്മേൽ എന്ത് തീരുമാനം എടുക്കണമെന്ന് ചൊവ്വാഴ്ച ചേർന്ന കർഷക സംഘടനകളുടെ യോഗം ചർച്ച ചെയ്തു. ഡിസംബർ 26, 27, 28 തീയതികളിൽ ഹരിയാണയിലെ ടോൾ പ്ലാസകൾ തുറന്നുകൊടുക്കും. ഡിസംബർ 25, 26 തീയതികളിൽ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്തും. അത്തരത്തിലുള്ള പ്രതിഷേധം ലോസ് ആഞ്ജലിസിൽ കഴിഞ്ഞ ദിവസം നടന്നു.
പൗരത്വ നിയമ ഭേദഗതിയും ആർട്ടിക്കിൾ 370 റദ്ദാക്കിയതും അടക്കമുള്ള നടപടികൾ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തെ അന്നദാതാക്കൾക്ക് എതിരെയുള്ളതാണ്. കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ തയ്യാറല്ലെന്നും കുൽവന്ത് സിങ് സന്ധു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

