കണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കടത്ത് പേസ്റ്റ് രൂപത്തിൽ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണം
പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

