KSDLIVENEWS

Real news for everyone

പുരുഷന്മാരെക്കാൾ 21,894 വനിതാ വോട്ടർമാർ കൂടുതൽ : തൃക്കരിപ്പൂരിൽ കൂടിയത് പതിനായിരം

SHARE THIS ON

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി വിധിയെഴുതാൻ ഒരുങ്ങുന്നത് 10,36,655 വോട്ടർമാർ.null

2016 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 46,142 വോട്ടർമാർ കൂടുതലാണിക്കുറി. രണ്ട് തിരഞ്ഞെടുപ്പിനിടയിൽ ഏറ്റവും അധികം വോട്ടർമാർ കൂടിയത് തൃക്കരിപ്പൂർ മണ്ഡലത്തിലാണ്. 10,150 വോട്ടർമാരാണ് അഞ്ച് വർഷത്തിനിടയിൽ തൃക്കരിപ്പൂരിൽ കൂടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ 189,246 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത്തവണയത് 199,396 ആയി.

വോട്ടർമാരുടെ വർധനയിൽ രണ്ടാം സ്ഥാനത്ത് കാഞ്ഞങ്ങാടാണ്. അവിടെ 10,079 വോട്ടർമാർ കൂടി. 2016-ൽ 204,445 വോട്ടർമാരുണ്ടായിരുന്നത് നിലവിൽ 214,524 ആയി.

ഉദുമയിൽ 9,022 വോട്ടർ അധികമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 199,829 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇക്കുറിയത് 208,851 ആയി. കാസർകോട് 7,897 വോട്ടർമാർ കൂടി 196,745 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 188,848 വോട്ടർമാരാണ് കാസർകോട് ഉണ്ടായിരുന്നത്

അഞ്ചുവർഷത്തെ ഇടവേളയിൽ മഞ്ചേശ്വരത്ത് 8,994 വോട്ടർമാർ കൂടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ഒക്‌ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം ഒരുവർഷത്തെ ഇടവേളയിൽ മാത്രം 2,360 വോട്ടർമാർ മഞ്ചേശ്വരത്ത് കൂടിയിട്ടുണ്ട്. 2016-ൽ മഞ്ചേശ്വരത്ത് 208,145 വോട്ടർമാരാണ് ഉണ്ടായിരുന്നത്. പി.ബി. അബ്ദുറസ്സാഖ് എം.എൽ.എ.യുടെ മരണത്തെ തുടർന്ന് 2019 ഒക്‌ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ 214,779 വോട്ടർമാരാണ് ഉണ്ടായിരുന്നത്. നിലവിൽ വോട്ടർമാർ 217,139 ആണ്.

പ്രവാസിവോട്ട് കൂടുതൽ തൃക്കരിപ്പൂരിൽ

: ജില്ലയിൽ ഏറ്റവും അധികം പ്രവാസി വോട്ടർമാരുള്ളത് തൃക്കരിപ്പൂർ മണ്ഡലത്തിലാണ്. 1,201 പുരുഷൻമാരും 31 സ്ത്രീകളും ഉൾപ്പെടെ 1,232 പേരാണ് പ്രവാസി വോട്ടർമാരായുള്ളത്.

ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം കാഞ്ഞങ്ങാടിനും- 878, മൂന്നാം സ്ഥാനം മഞ്ചേശ്വരത്തിനുമാണ്-644. ഉദുമയിൽ 338 പ്രവാസി വോട്ടർമാരും കാസർകോട് 243 വോട്ടർമാരുമാണുള്ളത്.

സർവീസ് വോട്ടർമാർ 1613

: സർവീസ് വോട്ടർമാരിൽ ഏറ്റവും അധികം തൃക്കരിപ്പൂരിലാണ്- 936. അതിൽ പുരുഷന്മാർ 917-ഉം സ്ത്രീകൾ 19-ഉം. കാഞ്ഞങ്ങാട് 435 പുരുഷന്മാരും ഒൻപത് സ്ത്രീകളും ഉൾപ്പെടെ 444 വോട്ടർമാരാണുള്ളത്. ഉദുമയിൽ 155-ഉം കാസർകോട് 49-ഉം മഞ്ചേശ്വരത്ത് 29-ഉം സർവീസ് വോട്ടർമാരാണുള്ളത്.

പോളിങ് ബൂത്ത് കൂടുതൽ മഞ്ചേശ്വരത്ത്

: മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും അധികം പോളിങ് ബൂത്തുകളുള്ളത്- 205. ഉദുമയിൽ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂർ 194, കാസർകോട് 190 വീതം ബൂത്തുകളാണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!