നേമത്തെ ഗുജറാത്തെന്ന് വിളിച്ചത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനം- ചെന്നിത്തല

തിരുവനന്തപുരം: നേമം ബിജെപിയുടെ ഗുജറാത്താണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് അപമാനമാണെന്നും മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്നുള്ള നിശ്ചയദാർഢ്യത്തോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അത് ഈ തിരഞ്ഞെടുപ്പിൽ തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാർട്ടിയിൽ തന്നെയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അദ്ദേഹം തുടർന്നും പാർട്ടിയിൽ ഉണ്ടാകുമെന്നതിൽ സംശയവുമില്ല. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും ആർക്ക് എന്ത് പരാതിയുണ്ടായാലും ചർച്ച ചെയ്യുമെന്നും കെ.വി. തോമസിന്റെ കാര്യങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നവുമില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

