പ്രളയകാലത്ത് രക്ഷകനായ ഫയര്‍ ഓഫീസര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കരുനാഗപ്പള്ളി:പ്രളയകാലത്ത് ഒട്ടേറെപ്പേർക്ക് രക്ഷകനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഡ്രൈവർ മൈനാഗപ്പള്ളി കോട്ടക്കുഴി തെക്കതിൽ വിനീത് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകവേ അതേദിശയിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിനീത് ഡിവൈഡറിലേക്ക് തെറിച്ചുവീണു. പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമെത്തി ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വൈകീട്ട് നാലരയോടെ മൃതദേഹം കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയത്തിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി. 2018-ലെ പ്രളയകാലത്ത് വിനീത് ഉൾപ്പെടുന്ന അഗ്നിരക്ഷാസംഘം നടത്തിയ രക്ഷാപ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാന്നിയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ സംഘം അവിടേക്ക് ഓടിയെത്തി. നിരവധിപേരെ വിനീത് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി. തുടർന്ന് കല്ലിശ്ശേരിയിലും ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. തിരുവല്ല നെടുമ്പ്രത്ത് വെള്ളം കയറിയ വീട്ടിൽനിന്ന് ഒരു കൈക്കുഞ്ഞിനെ വിനീത് രക്ഷപ്പെടുത്തുന്ന ചിത്രം സഹപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധിപേരാണ് അന്ന് അദ്ദേഹത്തെ അഭിനന്ദിച്ചത്. രണ്ടുവർഷത്തിനുശേഷം ഈ കുട്ടിയെയും രക്ഷാകർത്താക്കളെയും ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ഡ്യൂട്ടിക്കിടെ കണ്ടുമുട്ടിയിരുന്നു. ആ കുട്ടിയെ എടുത്തുകൊണ്ടുള്ള ചിത്രവും അദ്ദേഹം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ വിദ്യാധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ: ദേവശ്രീ. അഗ്നിരക്ഷാസേനയ്ക്കിനി ‘ശാസ്ത്രജ്ഞ’നില്ല ഏപ്രിൽ 18-നാണ് അഗ്നിരക്ഷാസേനയുടെ വാഹനം വിനീത് അവസാനമായി ഓടിച്ചത്. ടി.കെ. റോഡിൽ കല്ലുമാലിപ്പടിക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടസ്ഥലത്തേക്ക് സേനയുടെ ആംബുലൻസിലായിരുന്ന പാച്ചിൽ. വലിയ പരിക്കുകളില്ലാത്തതിനാൽ, അപകടത്തിൽപ്പെട്ടവരെ അപ്പോഴേക്കും നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. വാഹനം തിരിച്ച് സ്റ്റേഷനിലെത്തിച്ച് പിറ്റേന്ന് വീട്ടിലേക്ക് മടങ്ങിയ വിനീത് വ്യാഴാഴ്ച ജോലിക്ക് മടങ്ങിവരേണ്ടതായിരുന്നു. രാവിലെ രജിസ്റ്ററിൽ ഒപ്പിടും മുമ്പ് സഹപ്രവർത്തകർക്ക് ആ സന്ദേശം എത്തി, കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ വിനീത് മരിച്ചു. കേട്ടത് സത്യമാകരുതേയെന്ന പ്രാർഥനയിൽ സഹപ്രവർത്തകർ തലങ്ങും വിലങ്ങും അന്വേഷണമായി. അല്പസമയത്തിനകം സ്ഥിരീകരണവും. രാവിലെ ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത് 8.45-ന് മുമ്പ് സ്റ്റേഷനിൽ ജോലിക്കെത്താനായിരുന്നു വിനീതിന്റെ ഉദ്ദേശമെന്ന് സഹപ്രവർത്തകർ പറയുന്നു. ഏഴുമണിക്ക് വിനീതിനെ സഹപ്രവർത്തകൻ വിളിച്ചിരുന്നു. പിന്നീട് ഈ നമ്പറിലേക്ക് പോലീസ് വിളിച്ചാണ് മരിച്ചയാളെ തിരിച്ചറിയുന്നത്. മൈനാഗപ്പള്ളി സ്വദേശിയായ വി.വിനീത് 2015 ഫെബ്രുവരിയിലാണ് തിരുവല്ല സ്റ്റേഷനിൽ ഡ്രൈവറായി എത്തുന്നത്. 2013-ലായിരുന്നു സേനയിലേക്കുള്ള പ്രവേശം. ആറുവർഷത്തിനിടെ തിരുവല്ലയിലെ സഹപ്രവർത്തകർ വിനീതിന്റെ കഴിവിനേയും സമർപ്പണത്തേയും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. 2018-ലെ പ്രളയം തകർത്ത മേഖലകളിലൊന്നാണ് തിരുവല്ല. രാപകൽ ഉറക്കമില്ലാതെ ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിനിറങ്ങിയ വിനീതിനെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ് ഓർമിക്കുന്നു. ഒരുമടുപ്പുമില്ലാതെ ജോലിചെയ്യുന്ന ചെറുപ്പക്കാരൻ. നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം വെള്ളം കയറി മുങ്ങിയ വീട്ടിൽനിന്ന് അമ്മയേയും കൈക്കുഞ്ഞിനേയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത് വിനീതിന്റെ നേതൃത്വത്തിലായിരുന്നു. വിനീത് കുഞ്ഞുമായി വെള്ളം നീന്തിവരുന്ന ചിത്രം അന്ന് വൈറലായി. ലോക്ഡൗൺ കാലത്ത് അവശ്യമരുന്നുകളെത്തിക്കാൻ മണിക്കൂറുകളോളം മടുപ്പില്ലാതെ വിനീത് വാഹനം ഓടിച്ചു. ഐ.ടി.ഐ.യിൽ ഡീസൽ മെക്കാനിക്ക് പഠിച്ച വിനീത് സഹപ്രവർത്തകർക്കിടയിൽ ‘ശാസ്ത്രജ്ഞൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. വാഹനം ഓടിക്കാൻ മാത്രമല്ല നന്നാക്കാനും നല്ലവിരുത്. സ്വന്തമായി വാങ്ങിയ ടൂൾകിറ്റുമായാണ് സേനയുടെ വാഹനത്തിലും യാത്ര. അപകടത്തിൽപ്പെടുന്ന വണ്ടി റോഡിന് നടുവിൽ അനക്കാൻപറ്റാത്തവിധം കിടപ്പാണെങ്കിൽ വിനീത് അത്യാവശ്യം ടെക്നിക്കുകൾ ഉപയോഗിച്ച് അവ അരികിലേക്ക് മാറ്റിയിടും. നദിയിൽ വീണുള്ള മരണം പതിവായ തിരുവല്ല മേഖലയിൽ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്താനുള്ള ക്യാമറ സ്വന്തം ചെലവിൽ ഓൺലൈനിൽനിന്ന് വാങ്ങിയിരുന്നു വിനീത്. ഇത് സ്റ്റേഷനിലെത്തിച്ച് പ്രവർത്തിപ്പിക്കുന്നതിന് മുന്നേയാണ് വിടവാങ്ങൽ.

