KSDLIVENEWS

Real news for everyone

ചികിത്സാചെലവ് 80 ലക്ഷം രൂപ: മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുങ്ങിയ മലയാളി കുടംബത്തിന് സാദിഖലി തങ്ങളുടെ കൈത്താങ്ങ്

SHARE THIS ON

കോഴിക്കോട്: ആശുപത്രി ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ കുടുങ്ങിയ മലയാളി കുടുംബത്തിന് കൈത്താങ്ങായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെയും കെഎംസിസിയുടെയും ഇടപെടൽ. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറായ സീമയാണ് ബന്ധുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാദിഖലി തങ്ങൾ നടത്തിയ ഇടപെടലിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

ഞാൻ സീമ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ. എന്റെ സഹോദരീ ഭർത്താവിന്റെ അളിയൻ കാഞ്ഞങ്ങാട് അത്തിക്കോത്ത് താമസിക്കുന്ന വേണുഗോപാൽ മാർച്ച് 17 ന് ഷാർജയിൽ പ്രശസ്തമായ ബുർജ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിലായിരുന്നു. അന്ന് മുതൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംഎൽഎ രാജഗോപാൽ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രിയിൽ വെച്ച് മരിച്ചു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തത്തിനാൽ മൂന്ന് ലക്ഷം ദർഹം (ഏകദേശം 75 ലക്ഷം രൂപ) ആയിരുന്നു ബിൽ.

തുക അടച്ചു ബോഡി റിലീസ് ചെയ്യിക്കാൻ ബന്ധുക്കളായ ഞങ്ങൾക്ക് മാർഗമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോൾ 2,17,000 ദർഹമാക്കി കുറച്ചു തന്നുവെങ്കിലും അതും അടയ്ക്കാൻ നിർവാഹമില്ലായിരുന്നു. ഞങ്ങൾ തൃക്കരിപ്പൂരിലെ സ്ഥാനാർഥിയായ സന്ദീപ് വാര്യരെ ബന്ധപ്പെട്ടു. അദ്ദേഹമാണ് കെഎംസിസിയെ ബന്ധപ്പെടാൻ നിർദേശിച്ചത്. തുടർന്ന് കെഎംസിസി നേതാക്കളുമായും മുസ്ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്റഫ് എംഎൽഎ, അബു മഹിനബാദ്, ബഷീർ വെള്ളിക്കൊത്ത്, കെ.കെ ബദറുദ്ദീൻ, എം.പി ജാഫർ, റമീസ് മുതലായവരുമായും ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സാദിഖലി തങ്ങളെക്കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവർ തങ്ങളെക്കാണാൻ അവസരമുണ്ടാക്കിത്തരികയും സ്വന്തം നിലയിൽ തങ്ങളുമായും കെഎംസിസി നേതാവ് നിസാർ തളങ്കരയുൾപ്പെടെ ഉള്ളവരുമായും ബന്ധപ്പെടുകയും ചെയ്തു.

മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കൾ സൗകര്യപ്പെടുത്തിയതനുസരിച്ച് കുടുംബാംഗമായ ആനന്ദ് ,സുഹൃത്തുക്കളായ ധനേഷ് ഉണ്ണി പെരിയ, അനുരാജ് ആയക്കടവ് എന്നിവർ ഇന്ന് രാവിലെ തങ്ങളെ നേരിട്ട് കാണുകയും ചെയ്തു. ഞങ്ങളുടെ ആവശ്യം മനസിലാക്കിയ തങ്ങൾ ആശുപത്രി ഉടമയായ ഷംസീർ വയലിലുമായും അപ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രാജ്യസഭാംഗം ഹാരിസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രയാസം ബോധ്യപ്പെടുത്തുകയും ഷംസീർ ഉടനെത്തന്നെ 2,17,000 ദിർഹം അടക്കേണ്ട ബില്ല് 40,000 ദിർഹം മാത്രം അടച്ചു ബോഡി വിട്ടു തരാൻ തയാറാവുകയും ചെയ്തു.

ബില്ലടയ്ക്കാനുള്ള പണം സ്വരൂപിച്ചത് ഇന്ത്യൻ അസോസിയേഷൻ ഷാർജ, തണൽ, പ്രവാസി സംഘടനകൾ, വെൽഫയർ അസോസിയേഷനുകൾ എന്നിങ്ങനെ 13 ഓളം സംഘടനകൾ മുന്നിട്ടിറങ്ങിയാണ്. കൂടാതെ തങ്ങൾ കെഎംസിസി നേതാവ് നിസാർ തളങ്കരക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. ആശുപത്രിയിൽ ചികിത്സ ആരംഭിച്ചപ്പോൾ മുതൽ സഹായങ്ങൾ നൽകിവന്നിരുന്ന നാരായണൻ നായർ, ചന്ദ്രൻ, മുരളീധരൻ മുതലായവർ നിയമപരവും സാങ്കേതികവുമായ എല്ലാ സഹായവും നൽകി. നാളെ രാത്രി പത്തരക്ക് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റിൽ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

സത്യത്തിൽ മനുഷ്യത്വം കാണാൻ കഴിയുന്നത് ഇവിടെയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ജനതക്ക് ആദരണീയനായ തങ്ങളുടെയും തങ്ങൾ പറഞ്ഞപ്പോൾ അരക്കോടിയോളം രൂപ ഇളവ് ചെയ്യാൻ തയാറായ ഷംസീർ വയലിലിന്റെയും മനുഷ്യത്വപൂർണമായ ഇടപെടൽ ചിലർ സ്വാർഥതക്ക് വേണ്ടി കെട്ടിയുയർത്തുന്ന ജാതി മത രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ മതിലുകളെ ഭേദിക്കാനും വിതക്കുന്ന വിദ്വേഷത്തിന്റെ കനലുകൾ ഊതിക്കെടുത്താനും പര്യാപ്തമാണ്. അവരിരുവർക്കും അവരിലേക്ക് ഞങ്ങളുടെ പ്രശ്‌നമെത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. മഹത്വം നിറഞ്ഞ ഈ സേവനത്തേക്കുറിച്ചുള്ള ഈ കുറിപ്പ് നമ്മിൽ ചിലരുടെ ഹൃദയത്തെ മഥിച്ച അന്ധത മാറ്റാൻ ഉപകരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!