എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടു പോകും; ക്രിയാത്മക പ്രതിപക്ഷമാവുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ക്രിയാത്മക പ്രതിപക്ഷമായി നില നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മഹാമാരി നേരിടുന്നതിൽ സർക്കാറിന് നിരുപാധിക പിന്തുണ നൽകും. ദുരിതകാലത്ത് തമ്മിലടിക്കുന്നവരെ ജനം പുച്ഛിക്കുമെന്നും സതീശൻ പറഞ്ഞു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയിലെ എല്ലാവരേയും ഏകോപിച്ച് മുന്നോട്ട് പോകും. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം എ.ഐ.സി.സി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് തെരഞ്ഞെടുത്തത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും സതീശനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തത്.

