ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കിയതിലെ അലോസരം

ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിലെ അലോസരം
≈≈≈≈≈≈≈≈≈≈≈≈≈≈≈≈
– കന്തൽ സൂപ്പി മദനി, കുമ്പള
ഒരുപാട് കാലം കേരളത്തിലെ ഇരു മുന്നണികളും വിദ്യാഭ്യാസ വകുപ്പ് ക്രിസ്തീയ - മുസ്‌ലിം ന്യൂന പക്ഷ അംഗങ്ങളുടെ കയ്യിൽ ഏല്പിച്ചു അതിലെ പ്രബല കക്ഷികളായ കോൺഗ്രസ്സും, സി പി ഐ എമ്മും അവരവരുടെ 'തടി' സലാമത്താക്കുകയായിരുന്നു പതിവ്. വി എസും പിണറായിയും അതിന് മാറ്റം വരുത്തി മാർക്സിസ്റ്റ് പാർട്ടി തന്നെ പ്രസ്തുത വകുപ്പുകൾ കൈകാര്യം ചെയ്തു. ഒരു പരിധിവരേ ആക്ഷേപങ്ങളും ആരോപണങ്ങളും അസ്വാരസ്യങ്ങളും ഇല്ലാതാവുകയും അതിന്റേതായ ഗുണം കാണുകയും ചെയ്തു. സ്വന്തം സമുദായത്തിനുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും പക്ഷെ താൻ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മഹത്വം പോലും വിസ്മരിച്ചു അർഹരെയും അവകാശികളെയും മറികടന്ന് സ്വസമുദായക്കാരുടെ പാർട്ടിയും ഗ്രൂപ്പും നോക്കി വീതം വെക്കുന്ന, അല്ലെങ്കിൽ മുൻഗണനകൊടുത്ത് പതിച്ചു നൽകുന്ന അവസ്ഥ ഇല്ലാതെയുമായി.പ്രസ്തുത മന്ത്രിമാർക്കും അവരുടെ പാർട്ടിക്കും ഇഷ്ടമില്ലാത്തവരുടെ അപേക്ഷ നിർദാക്ഷീണ്യം അവഗണിക്കുന്നതും പിച്ചിചീന്തിയെറിയുന്നതും LDF ഭരണത്തിൽ അവസാനിച്ചു എന്നതും ഒരു നേര്.
ആദ്യം മുറുമുറുത്തവർക്ക് പോലും പിന്നീടുള്ള മുന്നേറ്റം കണ്ടപ്പോൾ ഏറ്റവും നല്ലൊരു നിലപാടായിരുന്നു ഇടതു പക്ഷത്തിന്റേതെന്ന് ബോധ്യമായി എന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാം വണ്ണം വിദ്യാഭ്യാസ രംഗത്ത് വിപ്ലവങ്ങൾ തന്നെ പ്രത്യുത പൊതു വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെടുകയും ചെയ്തുവെന്ന ഏറ്റവും ശ്ലാഘനീയമായ അവസ്ഥയും വിദ്യാഭ്യാസ വകുപ്പിന് കൈവന്നു. അല്ലെങ്കിൽ ഇന്നും സമുദായ മന്ത്രിമാരുടെ കൈകളിൽ കിടന്നു ഞെരിഞ്ഞമർന്നു ആ വകുപ്പ് തന്നെ അവരുടെ വീതം വെക്കലിൽ പാടേ കൂമ്പടഞ്ഞു പോയേനേ.
ഇപ്പോൾ ന്യൂനപക്ഷ വകുപ്പ് വീതം വെച്ചപ്പോൾ പതിവിന് വിപരീതമായി പ്രസ്തുത വകുപ്പ് മുഖ്യ മന്ത്രിയുടെ കീഴിലാക്കി എന്നത് അതി ഭയാനകരമായ എന്തോ അപരാധമാണെന്ന മട്ടിൽ കഴിഞ്ഞ യു ഡി എഫ് ഭരണത്തിലെ അഞ്ചാണ്ട് കാലം ആ വകുപ്പ് സ്വന്തം കക്ഷത്ത് മുറുക്കിപ്പിടിച്ച് സ്വ സമുദായത്തെപ്പോലും മറന്ന് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം തൃപ്തിപ്പെടുത്തുന്നതിൽ പ്രത്യേകം താല്പര്യപ്പെട്ട് അതിനായി മുൻഗണന നൽകിയ ഒരു മത രാഷ്ട്രീയ പാർട്ടി എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ലക്ഷ്യം തങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും മേലെ ഉൽബുദ്ധ കേരളം ഒന്നായി മണ്ണുകൾ വാരിയിട്ട് അവ കൂനകളായി വളർന്നപ്പോൾ ഒന്ന് നേരാം വണ്ണം അതിനകത്ത് ഞരങ്ങാൻ പോലും ആവാത്ത അധോഗതിയിൽ നിന്നും ചെറുതായി ശ്വസിക്കാനുള്ള ചെറിയൊരു ദ്വാരമെങ്കിലും ലഭിച്ചെങ്കിലോ എന്നത് മാത്രമെന്ന് മനസ്സിലാക്കി അത്തരം കുപ്രചരണ ശ്രമങ്ങളെ അവരുടെ മേൽ മണ്ണ് വാരിയിട്ട അതേ ഉൽബുദ്ധ ജനത പുറംകാൽകൊണ്ട് തട്ടിത്തെറിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.
കേരളീയ പൊതു സമൂഹത്തിന് ഒന്നേ പറയാനുള്ളൂ… ദേവസ്വം വകുപ്പിൽ പിന്നോക്കക്കാരൻ മന്ത്രിയായാലും ന്യൂന പക്ഷ വകുപ്പ് മുഖ്യ മന്ത്രി സഖാവ് പിണറായി ഏറ്റെടുത്താലും ഇവിടെ ആകാശം ഇടിഞ്ഞു വീഴുകയോ മുന്നോക്കക്കാരും ന്യൂനപക്ഷക്കാരും ഒലിച്ചു പോവുകയോ ചെയ്യിന്നൊന്നുമില്ല . ആര് ഏത് വകുപ്പ് കൈകാര്യം ചെയ്താലും തികച്ചും നീതിപൂർവ്വമായിരിക്കണം അവകളിലെ ഇടപെടലുകൾ, സുതാര്യമായിരിക്കണം അതിലെ എല്ലാ ഇടപാടുകളും.
ന്യാമായമായും കിട്ടേണ്ടത്
കിട്ടേണ്ടവർക്ക് കിട്ടേണ്ടിടത്ത് കിട്ടേണ്ട നേരം കിട്ടേണ്ട രൂപത്തിൽ കൃത്യമായി കിട്ടണം.
ഒരു വ്യക്തിക്കോ സമുദായത്തിനോ സമൂഹത്തിനോ പക്ഷപാതപരമായ ഒരാനുകൂല്യവും നൽകിക്കൂടാ.. അനർഹമായി ഒരാൾക്കും ഒന്നും ലഭിച്ചു കൂടാ.. ഇങ്ങനെയൊക്കെ പറയുമ്പോഴും അർഹതപ്പെട്ടത് ഒരാളും ഒരാൾക്കും ഒരിക്കലും ഒരിടത്തും വിലങ്ങുകയുമരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ പറഞ്ഞത് സാമൂഹിക നീതിയുടെ മാനദണ്ഡമായി നാം ഉൾക്കൊള്ളേണ്ടതുണ്ട്. മറിച്ച് പിന്നാക്ക ക്ഷേമ വിഭാഗം ദളിത് കാരനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്‌ലിമും കൈകാര്യം ചെയ്തത് കൊണ്ട് മാത്രം ഉദ്ധിഷ്ട ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുമെന്നത് വെറും മൗഡ്യമായ ധാരണ മാത്രമാണ്. പ്രസ്തുത വകുപ്പുകൾ ആര് കൈകാര്യം ചെയ്യുന്നു എന്നതിലപ്പുറം വകുപ്പ് മുഖേന അവകാശങ്ങൾ അവകാശികൾക്ക് യഥാവിധി കൃത്യതാപൂർവ്വം ലഭ്യമാകുന്നുണ്ടോ എന്നതാണ് ചിന്തനീയം.
ഏതെങ്കിലും മുസ്‌ലിം മന്ത്രിക്ക് ആ വകുപ്പ് നൽകാതെ മുഖ്യമന്ത്രി സ്വയം ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്തോ വലിയൊരു അപരാധമായി കാണേണ്ടതേ ഇല്ല, മുസ്‌ലിം വിഭാഗത്തിനെ സംബന്ധിച്ച് അതൊരു ചർച്ചാ വിഷയവുമല്ല. ചർച്ചകളത്രയും ഉപരിസൂചിത വിഷയങ്ങൾ മാത്രം.
അതോടൊപ്പം മുഖ്യ മന്ത്രി ശ്രീമാൻ വിജയൻ സാറിനോട് ഒരപേക്ഷയുണ്ട്. മുസ്‌ലിം മന്ത്രിമാർ പ്രസ്തുത വകുപ്പ് കയ്യാളിയ മുൻ കാലങ്ങളിൽ എന്തോ വലിയ അപരാധങ്ങൾ അവർകാട്ടിക്കൂട്ടിയിട്ടുണ്ടെന്നും അന്യ സമുദായത്തിന് ലഭ്യമാകേണ്ട പലതും അനർഹമായ രൂപേണ അവർ മുസ്‌ലിംകൾക്ക് വാരിക്കോരി കൊടുത്തിട്ടുണ്ടെന്നുമുള്ള ചില ആക്രോശങ്ങൾ കുറച്ചുകാലമായി ചില ഭാഗങ്ങളിൽ നിന്നും മുക്കലും മൂളലുമായി കേട്ടു വരുന്നുണ്ട്. അതിന്റെയൊരു നിജസ്ഥിതി എന്തായാലും അവിടന്ന് അന്യോഷിച്ചറിഞ്ഞു യഥാവിധി പുറത്ത് കൊണ്ടുവരാനുള്ള സന്മനസ്സ് സാർ കാണിക്കണം.നീതി മാത്രം കാംക്ഷിക്കുന്ന പൊതു മണ്ഡലത്തിന്റെ മൊത്തം ആവശ്യമാണിത്.
ഇക്കഴിഞ്ഞ മന്ത്രിസഭാ അംഗമാണെങ്കിലും മുമ്പുള്ളവരാണെങ്കിലും എന്തെങ്കിലും അരുതായ്മകളും അനർഹതകളും പക്ഷേപാതിത്വങ്ങളും കാട്ടിക്കൂട്ടിയിട്ടുണ്ടെങ്കിൽ അത് പൊതു സമൂഹം അറിയേണ്ടതുണ്ട്. അത്തരക്കാർ നിശ്ചയമായും നിർദാക്ഷീണ്യം ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്.
മേൽ ആരോപണങ്ങൾ ഒരിക്കലും
വ്യക്തിപരമേ അല്ല, മറിച്ച് നേരും നെറിയും തിരിച്ചറിഞ്ഞു നീതി പൂർവ്വം ഇവിടെ ജീവിച്ചു അന്യന്റെ അവകാശങ്ങളോ അവരുടെ വസ്തുക്കളോ മറ്റോ അനുവാദമില്ലാതെ ഒരു സൂചിമുനയിൽ ഉൾക്കൊള്ളുന്ന അത്രയോ അതിൽ താഴെയോ ഉള്ള ഒന്നുപോലും എന്നുവെച്ചാൽ ലവലേശമെങ്കിലും കൈക്കലാക്കുകയോ
അകത്താക്കുകയോ ചെയ്യരുതെന്ന് ഖന്ധിതമായി പഠിപ്പിക്കപ്പെട്ടതനുസരിച്ച് ജീവിക്കണം എന്നാഗ്രഹിച്ചു അതിനായി പ്രയത്നിക്കുന്ന ഒരു സമുദായത്തിന്റെ നേർക്കായതിനാൽ ഇവ്വിഷയകമായി നീതിപൂർവ്വമുള്ള ഒരന്യോഷണം ത്വരിതഗതിയിൽ ഉണ്ടാവുകയും താമസംവിനാ പ്രസ്തുത റിപ്പോർട്ട് കേരളീയരുടെ മുമ്പാകെ പ്രസിദ്ധം ചെയ്തു സത്യാവസ്ഥ തര്യപ്പെടുത്തുകയും ചെയ്യണം, ഒരു മുഖ്യമന്ത്രി എന്ന നിലക്ക് ഇത് അങ്ങയുടെ ബാധ്യതയാണെന്ന് കൂടി ഓർക്കുമല്ലോ..?
ചില ന്യൂന പക്ഷ നേതാക്കളും അവരുടെ മേലധ്യക്ഷന്മാരുമൊക്കെ പറയുന്നതും എഴുതുന്നതും കാണുമ്പോൾ ഇതൊരു വർഗ്ഗീയ ധ്രുവീകരണത്തിന്റെ ശ്രമമാണോ എന്നൊരു ബലമായ സംശയം കൂടി ജനിക്കുന്നുണ്ട്. ആ ഒരു സാധ്യതയുടെ കടവേരറുക്കുന്നതായി വകുപ്പ് സ്വന്തം കസ്റ്റഡിയിൽ വെക്കുക എന്ന അങ്ങയുടെ ധീരോദാത്തമായ നിലപാട് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട് . അപ്പോഴും ആ വിഭാഗം മുൻ മന്ത്രിമാരെക്കുറിച്ച് പടച്ചുവിട്ട സംശയങ്ങൾ കളത്തിൽ നിറഞ്ഞു തന്നെ നിൽപ്പുണ്ട്താനും. അതുകൊണ്ട് തന്നെ മേല്പറഞ്ഞ അന്യോഷണ ആവശ്യം കൂടി പരിഗണിക്കുമെന്നാശിക്കട്ടെ…
ksmadani@gmail.com

