പോലീസ് സേനയിൽ കണ്ണീരായി കോവിഡ് മരണം; എഎസ്ഐ ഡി.വസന്തകുമാറിന്റെ മരണം സഹ പ്രവർത്തകർക്ക് ആഘാതമായി

കാസർകോട് ∙ കോവിഡ് പോരാട്ടത്തിനായി ജീവൻ നൽകേണ്ടി വന്നവരിൽ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും. ജില്ലയിലെ പൊലീസ് സേനയിൽ ഒട്ടേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് എഎസ്ഐ കാസർകോട് സ്വദേശി ഡി.വസന്തകുമാറിന്റെ (54) മരണം സഹപ്രവർത്തകർക്ക് ആഘാതമായി. വസന്തകുമാർ 12നു രാവിലെ 8 മുതൽ പിറ്റേന്നു രാവിലെ 8 വരെ 24 മണിക്കൂർ ഡൂട്ടിയിലായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈക്കിങ് ഫോഴ്സിൽ ഉൾപ്പെട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പൊലീസ് വാഹനത്തിൽ ആയിരുന്നു. പിന്നീട് റസ്റ്റ് ഡ്യൂട്ടിക്കിടെ അസ്വസ്ഥത തോന്നിയാണു കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആന്റിജൻ പരിശോധന നടത്തിയത്. പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹം എആർ ക്യാംപിലെ താമസസ്ഥലത്തു തങ്ങി. വീട്ടിലുള്ള ഭാര്യയും മകനും 18നു പോസിറ്റീവ് ആയതോടെയാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് എത്തിച്ചത്.
ചുമ കൂടി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ വിദഗ്ധ ചികിത്സ നൽകാൻ കഴിയാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. എന്നിട്ടും ജീവൻ രക്ഷപ്പെടുത്താനായില്ല. കോവിഡ് കാലത്ത് പൊലീസ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിചരണവും പരിരക്ഷയും കിട്ടുന്നില്ലെന്നതിനു ഇത് തെളിവാണെന്ന് പൊലീസുകാർ പറയുന്നു.
മുന്നണിപ്പോരാളികൾ, പക്ഷേ…
കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിൽ 3 ഡിവൈഎസ്പിമാരും കുടുംബവുമാണ് കോവിഡ് പോസിറ്റീവ് ആയത്. ദിവസവും സ്റ്റേഷനുകളിലും സ്പെഷൽ യൂണിറ്റുകളിലും പത്തിനും പതിനഞ്ചിനും ഇടയിൽ പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ കുടുംബങ്ങളും പോസിറ്റീവ് ആകുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിനുള്ള സമ്മർദം കാരണം നിശ്ചിത സമയത്തു കോവിഡ് പരിശോധന പോലും നടത്താൻ പൊലീസുകാർക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.
ജലദോഷവും ചുമയും ഉണ്ടെങ്കിൽ പോലും ഇതു രൂക്ഷമാകുമ്പോൾ മാത്രമാണു പലരും പരിശോധന നടത്തുന്നത്. ഇവർക്കു ഡ്യൂട്ടിക്കിടെ പ്രത്യേക ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള മുൻഗണനയും നിർദേശവും ഉണ്ടാകുന്നില്ലെന്നതും പരാതിയായിട്ടുണ്ട്. ഫീൽഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
പിപിഇ കിറ്റ്, ഡബിൾ മാസ്ക്, സാനിറ്റൈസർ, കയ്യുറ തുടങ്ങിയവ വകുപ്പിൽ നിന്ന് ആവശ്യത്തിന് അനുസരിച്ച് ഉദ്യോഗസ്ഥർക്കു ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും ഡബിൾ മാസ്ക്, കയ്യുറ തുടങ്ങിയവ ഇല്ല. കോവിഡിനെ പിടിച്ചുകെട്ടാൻ ആയി ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പൊലീസുകാർ ഏറെയും ഒടുവിൽ കുടുംബത്തോടെ കോവിഡ് പോസിറ്റീവ് ആയി മാറുകയാണെന്നാണ് ആക്ഷേപം.
ആരോഗ്യ വകുപ്പു ജീവനക്കാർക്കു ലഭിക്കുന്ന പരിഗണനയുടെ പകുതി പോലും ഇവർക്കു കിട്ടുന്നില്ലെന്നാണു പൊലീസുകാരുടെ പരിഭവം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ പെറ്റിക്കേസുകൾ ചാർജ് ചെയ്തു പിഴ ഈടാക്കാനുള്ള സമ്മർദവും പൊലീസിനു മേലുണ്ട് എന്നും ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.

