യു.എസ് സേന പടിയിറങ്ങുന്ന അഫ്ഗാനില്‍ താലിബാന് പിടിമുറുക്കുന്നു; വടക്കന്‍ അതിര്‍ത്തി പട്ടണം പിടിച്ചു

കാബൂള്‍: യു.എസും നാറ്റോയും പടിയിറങ്ങുന്ന അഫ്ഗാനിസ്താനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി താലിബാന്. താജികിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കുണ്ടുസിനരികെ ശേര് ഖാന് ബന്ദര്‍ ആണ് അവസാനമായി താലിബാന് നിയന്ത്രണത്തിലായത്. മേയ് ഒന്നിന് മേഖലയില്‍ നീക്കം ആരംഭിച്ച താലിബാന് ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ശേര് ഖാന് തുറമുഖവും പട്ടണവും പൂര്‍ണമായി പിടിക്കുകയായിരുന്നുവെന്ന് കുണ്ടുസ് പ്രവിശ്യ കൗണ്‍സില്‍ അംഗം ഖാലിദ്ദീന് ഹക്മി പറഞ്ഞു.
കാബൂള്‍ ആസ്ഥാനമായുള്ള അശ്റഫ് ഗനി സര്‍ക്കാറിെന്റ നിയന്ത്രണത്തിലായിരുന്ന ചെക്പോസ്റ്റുകളിലെ എല്ലാ സൈനികരെയും പിന്‍വലിച്ചതായും ചില പട്ടാളക്കാര്‍ അതിര്‍ത്തി കടന്ന് താജികിസ്താനിലെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
ശേര് ഖാന് ബന്ദറും പരിസര പ്രദേശങ്ങളും പിടിച്ചതായി താലിബാന് വക്താവ് സബീഹുല്ല മുജാഹിദും സ്ഥിരീകരിച്ചു.
അഫ്ഗാനിലെ മൊത്തം 370 ജില്ലകളില്‍ മേയ് മാസത്തിനു ശേഷം മാത്രം 50 എണ്ണം പുതുതായി താലിബാന് പിടിച്ചതായാണ് കണക്ക്. ഇവയോടു ചേര്‍ന്ന പ്രവിശ്യ തലസ്ഥാനങ്ങളും വൈകാതെ നിയന്ത്രണത്തിലാക്കുമെന്നാണ് സൂചന. പരിയാബ്, ബാല്‍ഖ്, കുണ്ടുസ് പ്രവിശ്യകളിലാണ് താലിബാന് പിടിമുറുക്കുന്നത്. മൊത്തം 34 പ്രവിശ്യകളില്‍ 17 ഇടത്തും പുതുതായി താലിബാന് നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു..
രാജ്യത്തുള്ള 3,500 യു.എസ് സൈനികരും 7,000 നാറ്റോ സൈനികരും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായി പിന്‍വാങ്ങുന്നതോടെ താലിബാന് തലസ്ഥാന നഗരം വരെ വരുതിയിലാക്കുമെന്ന് സൂചനയുണ്ട്. 1996 മുതല്‍ 2001 വരെ രാജ്യം ഭരിച്ച താലിബാന് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് വീണ്ടും പൂര്‍ണ അധികാരം തിരിച്ചുപിടിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം വെടിനിര്‍ത്തലിന് താലിബാന് സമ്മതിച്ചിരുന്നുവെങ്കിലും ചില പ്രവിശ്യകളില്‍ സൈനിക നീക്കം തുടരുന്നുണ്ട്.
ഇതുള്‍പെടെ വിഷയങ്ങളില്‍ ഒൗദ്യോഗിക സര്‍ക്കാറും താലിബാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവില്‍ രാജ്യത്തിെന്റ മൂന്നില്‍ രണ്ടും താലിബാന് നിയന്ത്രണത്തിലാണ്.
അതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനിയും ചര്‍ച്ച നടത്തുന്നുണ്ട്.

