വിമാനപകടത്തില്‍ പരിക്കേറ്റ പൂച്ചക്ക് വി.ഐ.പി പരിഗണന; സുഖവിവരം തേടി ആയിരങ്ങള്‍

ക്വലാലമ്ബൂര്‍: ആഗസ്റ്റ് 17ന് മലേഷ്യയിലുണ്ടായ വിമാനപകടത്തില്‍ ഏതാനും പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിരിക്കെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് അപകടത്തില്‍പെട്ട വിമാനത്തിലുണ്ടായിരുന്ന ഒരു പൂച്ചയാണ്. മലേഷ്യയിലെ സെലൻഗോറിലെ ഷാ ആലമിലെ സിറ്റി ഓഫ് എല്‍മിന ടൗണ്‍ഷിപ്പിലാണ് വിമാനപകടമുണ്ടായത്. വിമാനത്തിലെ യാത്രക്കാരിലൊരാളുടെ കൂടെയുണ്ടായിരുന്ന തവിട്ടുനിറമുള്ള പൂച്ചയ്ക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കുകളോടെ പൂച്ചയെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആംബുലൻസ് സംഘം വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കി. പൂച്ചയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സുല്‍ ഇര്‍വാൻ വെറ്ററിനറി ക്ലിനിക്ക് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പ്രതീക്ഷിക്കാതെ ഓമനപ്പൂച്ചയുടെ ചിത്രവും അതിജീവനവും വൈറലാകുകയായിരുന്നു. ശരീരത്തിന്‍റെ ഇടതുഭാഗത്താണ് പൂച്ചക്ക് പരിക്കേറ്റതെന്ന് ചിത്രത്തില്‍ വ്യക്തമാകുന്നുണ്ട്. പൂച്ചയുടെ സുഖവിവരം അന്വേഷിച്ചുള്ള സന്ദേശങ്ങളുടെ പ്രളയമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. മുറിവ് വേഗം സുഖപ്പെടട്ടെ എന്നെല്ലാം ആശംസകളും പ്രാര്‍ത്ഥനകളുമായാണ് കമന്‍റുകള്‍. മാത്രമല്ല, പൂച്ചക്ക് വളരെ വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് അധികൃതരെ പ്രശംസിച്ചുള്ള സന്ദേശങ്ങളും ഏറെയുണ്ട്.

