KSDLIVENEWS

Real news for everyone

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്; പരിശോധനക്കായി മൊബൈൽഫോൺ ഹാജരാക്കണം

SHARE THIS ON

കാസർകോട്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേശ്വരം കോഴക്കേസില്‍ മുഖ്യ പ്രതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്‍റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പരിശോധനയ്ക്കായി ഈ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്.

പ്രധാന മൊഴികളെല്ലാം കള്ളമാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!