വനിതാ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം പതിവ്; പൊലീസ് പരിശോധന കർശനമാക്കി-

തിരുവനന്തപുരം∙ മെഡിക്കൽകോളജ് പി.ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം തടയാൻ പൊലീസ് പരിശോധന കർശനമാക്കി. അസി.കമ്മിഷണർ സി.എസ് ഹരി നിയോഗിച്ച പ്രത്യേക സംഘം ഇന്നലെ മുതൽ രാത്രി പട്രോളിങ് ആരംഭിച്ചു. ഹോസ്റ്റൽ പരിസരം, ഗ്രൗണ്ട് ,ആർസിസി –ശ്രീചിത്ര റോഡ്, എസ്എടി ഒ.പി കെട്ടിടത്തിലേക്കുള്ള റോഡ് എന്നിവിടങ്ങളിലാണ് പ്രത്യേക നിരീക്ഷണം.
വിദ്യാർഥികൾക്ക് പരാതി അറിയിക്കാൻ പൊലീസ് മുൻകൈയെടുത്ത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. സാമൂഹിക വിരുദ്ധ ശല്യം സംബന്ധിച്ച എല്ലാ പരാതികളും ഗ്രൂപ്പിൽ അറിയിച്ചാൽ നടപടി എടുക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിദ്യാർഥി പ്രതിനിധികൾക്ക് പൊലീസ് ഉറപ്പ് നൽകി. ഹോസ്റ്റൽ പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് കോളജ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു. നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ഒരാളെ നേരത്തെ പിടികൂടി കേസ് എടുത്തു.

തിരുവനന്തപുരം ∙ ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തി. ഹോസ്റ്റലിനു മുൻപിലെ നഗ്നതാ പ്രദർശനത്തിന് എതിരെ നൽകിയ പരാതിയിൽ പ്രിൻസിപ്പൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുത്തത്. നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഓട്ടോയിലെത്തിയ മറ്റൊരാൾ നഗ്നതാപ്രദർശനം നടത്തുകയും കുട്ടികൾ ബഹളം വച്ചപ്പോൾ കടന്നുകളയുകയും ചെയ്തു.
ഹോസ്റ്റൽ പരിസരത്ത് നഗ്നതാ പ്രദർശനം പതിവാണെന്നും വിദ്യാർഥിനികൾ പറഞ്ഞു. ചുറ്റുമതിൽ ഇല്ലാത്ത ഹോസ്റ്റൽ വളപ്പിൽ ആർക്കും കടന്നു കയറാം എന്ന സ്ഥിതിയാണ്. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. രാത്രിയായാൽ സുരക്ഷാ ജീവനക്കാരുടെ സേവനം പലപ്പോഴും ലഭിക്കാറില്ല. 14നു രാത്രി പി.ജി ഹോസ്റ്റലിനു പിന്നിൽ ഓട്ടോറിക്ഷയിൽ എത്തിയ ആൾ അതിക്രമിച്ചു കടന്ന് നഗ്നതാപ്രദർശനം നടത്തി. സുരക്ഷാജീവനക്കാർ എത്തിയപ്പോഴേക്കും കക്ഷി കടന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച റോഡ് വഴിയായിരുന്നു ഇയാൾ എത്തിയത്.
ക്യാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു പ്രിൻസിപ്പലിനും മെഡിക്കൽകോളജ് പൊലീസിലും വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ല. 18ന് രാത്രി മറ്റൊരാൾ കൂടി നഗ്നതാപ്രദർശനം നടത്തി . സുരക്ഷാ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. യുവാവിന്റെ ദൃശ്യം പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിച്ചു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ കോളജ് പൊലീസിൽ ഏൽപ്പിച്ചു.

