നിജ്ജര്‍ വധം; ആരോപണങ്ങള്‍ ആഴ്ചകള്‍ക്കുമുന്നേ ഇന്ത്യയെ അറിയിച്ചെന്ന് ജസ്റ്റിന്‍ ട്രൂഡോ

ന്യൂഡല്‍ഹി: ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച ആരോപണങ്ങള്‍ ആഴ്ചകള്‍ക്കു മുന്നെത്തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. ഗുരുതരമായ ഈ വിഷയത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയോടൊപ്പമുള്ള വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസനീയമായ ആരോപണങ്ങളാണ് കാനഡ ഉന്നയിച്ചത്. ആഴ്ചകള്‍ക്കു മുന്നെത്തന്നെ കാനഡ ഈ വിഷയം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഗൗരവതരമായ വിഷയത്തില്‍ ഇന്ത്യ തങ്ങളോടൊപ്പം സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. അതേസമയം നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യക്ക് കൈമാറാന്‍ ട്രൂഡോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ പക്കല്‍ ആധികാരിക വിവരങ്ങളുണ്ടെന്നാണ് കാനഡയുടെ അവകാശവാദം. അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ ‘ഫൈവ് ഐ’ നേരിട്ടും അല്ലാതെയും ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളടക്കമുള്ള വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നാണ് സി.ബി.സി. (കനേഡിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍) റിപ്പോര്‍ട്ട് ചെയ്തത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാനഡയുടെ ആരോപണങ്ങള്‍. യു.എസ്., യു.കെ., ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് ഫൈവ് ഐസ്. അതേസമയം നിജ്ജറിന്റെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം അതിഗുരുതരമാണെന്ന് യു.എസ്. അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഇന്ത്യക്കുമാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.