KSDLIVENEWS

Real news for everyone

മലയാളിയായ പരിചയക്കാരനാണ് വിമാനം ഒരുക്കിയത്, അതിൽ എന്താണ് തെറ്റ്? ആവശ്യം വന്നാൽ ഇനിയും പോകും’

SHARE THIS ON

തിരുവനന്തപുരം: മലപ്പുറത്തേക്കു പോകാൻ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്നും അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. വിവാദവിമാനയാത്രയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിലാണു പോയതെന്നു മുഖ്യമന്ത്രി പറഞ്ഞു.

മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ സ്വകാര്യവ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. അവരുടെ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയിട്ടുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതു മറക്കരുത്. എന്തിനാണ് അവരെയൊക്കെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. മലയാളിയായ ഒരാളാണ് എനിക്കു വിമാനം ഒരുക്കിയത്. അതിൽ എന്താണു തെറ്റ്? ആവശ്യം വന്നാൽ ഇനിയും പോകും. അതിൽ തെറ്റു കാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരിൽ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവർ. ഉമ്മൻചാണ്ടി ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്.

വിമാനം ഒരുക്കുന്നവർക്ക് ഒരു സൗകര്യവും നൽകുന്ന സർക്കാരല്ല ഇവിടെയുള്ളത്. പിണറായി പോയപ്പോൾ പേരു വെളിപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഇതു ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തിൽ ധൂർത്ത് പാടില്ലെന്ന നിലപാടാണുള്ളത്. 2017ൽ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. കെ.എം.ഷാജി ഉപയോഗിച്ച ഔദ്യോഗികവാഹനം തകരാറ് വന്നതു കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിച്ചത്. മുൻപും മന്ത്രിമാർ അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്.

മന്ത്രിമാർ വിദേശത്തു പോയതിലും തെറ്റില്ല. സർക്കാരിനു ചെലവില്ലാതെ പോകുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഞാൻ ചെയ്തത്. വിദേശത്തുള്ള സംഘടനകൾ വിളിച്ചിട്ടാണ് അവർ പോയത്. ഒരു ലാഭവും പ്രതീക്ഷിച്ചല്ല അവർ അങ്ങനെ ചെയ്യുന്നത്. ഞാൻ ഡൽഹിക്കു പോകുമ്പോൾ പോലും ഗൺമാനെ കൊണ്ടുപോകാറില്ല. ഡിജിപി എതിർത്തിട്ടുപോലും അങ്ങനെ ചെയ്യുന്നത് ഒരാൾക്കു ടിക്കറ്റ് എടുത്താൽ മതിയല്ലോ എന്നോർത്തിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ താൻ നടത്തിയ ഹെലികോപ്റ്റർ, വിമാന യാത്രകൾക്ക് സർക്കാരിന്റെ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ദുരന്തത്തിൽ 6 പേർ മരിച്ചപ്പോഴാണ് പോയത്. അവിടേയ്ക്കു പോകാൻ മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് വിമാനത്തിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഫണ്ടിൽനിന്നു പണമെടുത്തല്ല മുഖ്യമന്ത്രി വിമാനത്തിൽ പോകേണ്ടത്. അതൊഴിവാക്കാനാണ് സ്വകാര്യവിമാനത്തിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിപ്‌സൺ കമ്പനിയുമായുള്ള ഹെലികോപ്റ്റർ കരാർ അവസാനിച്ചു. ഹെലികോപ്റ്റർ അത്യാവശ്യമാണെന്ന് പൊലീസും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ തുക കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!