ഓപറേഷൻ പി ഹണ്ട്: ജില്ലയിൽ നിരവധിപേർ പൊലീസ് പിടിയിൽ; 7 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, 8 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ജില്ലയിൽ ഒാപറേഷൻ ‘പി ഹണ്ടി’ന്റെ ഭാഗമായി 11 ഇടങ്ങളിൽ റെയ്ഡ് നടത്തി ഏഴ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വിഡിയോ എന്നിവ ഇൻറർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവക്കാണ് നടപടി.
കുട്ടികൾക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കുമേൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ല പൊലീസ് മേധാവി പി. നിധിൻരാജ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ല സൈബർ സെൽ, സൈബർ ക്രൈം നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ പൊലീസ് പരിശോധനക്കയച്ചു.
മഡിയനിൽനിന്ന് ഹോസ്ദുർഗ് പൊലീസ് ഉത്തർപ്രദേശ് സ്വദേശിയായ 26കാരനിൽനിന്ന് കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട ഫോൺ പിടികൂടി കേസെടുത്തു. ഉദ്യാവാർ സ്വദേശിയായ 18 കാരനെ കുട്ടികളുടെ നഗ്ന വിഡിയോ ഡൗൺലോഡ് ചെയ്തതിന് മഞ്ചേശ്വരം പൊലീസ് പിടികൂടി കേസെടുത്തു.
ആലപ്പുഴ സ്വദേശിയായ 47 കാരനെ മൗവ്വലിൽനിന്ന് ബേക്കൽ പൊലീസ് പിടികൂടി അശ്ലീല വിഡിയോ കണ്ട ഫോൺ പിടിച്ചെടുത്തു. മാലോം അതിരുമാവ് സ്വദേശിയായ 25 കാരനെ ഫോൺ സഹിതം വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി കേസെടുത്തു. പുത്തിഗെ ഉജ്ജംപദവ് സ്വദേശിയായ 28കാരനെ കുമ്പള പൊലീസ് പിടികൂടി. പെർണ സ്വദേശിയായ 44 കാരനെ കുമ്പള പൊലീസ് കഴിഞ്ഞദിവസം രാവിലെ പിടികൂടിയിരുന്നു.
മാങ്ങാട് സ്വദേശിയായ 43 കാരനെ കാഞ്ഞങ്ങാട് മൽസ്യമാർക്കറ്റ് പരിസരത്തുനിന്ന് ഹോസ്ദുർഗ് പൊലീസ് ഫോൺ സഹിതം പിടികൂടി കേസെടുത്തു.

