KSDLIVENEWS

Real news for everyone

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

SHARE THIS ON

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന കർശന നിലപാടുമായി ഇറാൻ. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതൽ രാജ്യങ്ങൾ കൂടി നടപ്പിലാക്കിയതോടെ ഇറാൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി.

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്നും ഹോർമുസിലൂടെ കടന്നുപോകണമെങ്കിൽ ഇരുരാജ്യങ്ങളും തീരുമാനിക്കുന്ന പുതിയ നിയമങ്ങൾ അംഗീകരിക്കേണ്ടിവരുമെന്നുമാണ് ഇറാൻ അംബാസഡർ കാസിം ജലാലി പറഞ്ഞത്. ഇന്നലെ ന്യൂയോർക്കിൽ നടന്ന യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമർശം. അതിനിടെ ശത്രുവിന് ഇറാൻ ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസിയും നിലപാട് വ്യക്തമാക്കി. ഇറാനെതിരായ ട്രംപിന്റെ ഉന്മൂലന ഭീഷണി തള്ളിക്കളഞ്ഞ ഐആർജിസി ആക്രമണങ്ങളിലൂടെ പ്രതികരിക്കാൻ തയാറാണെന്നും അറിയിച്ചു.

അതേസമയം അമേരിക്കയുടെ ആകാശ ഉപരോധം നിലവിൽ വന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ, യുകെ, ഇറാഖ്, ഒമാൻ, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തെ തുടർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയും വൻ തകർച്ചയിലാണ്. ഡോളറിനെതിരെ ഇറാനിയൻ റിയാൽ 2 ദശലക്ഷത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം 65 ശതമാനമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്റെ വർദ്ധനവും സംഭവിച്ചു. അതേസമയം ഗാസയിലെ ഖാൻ യൂനിസിൽ ഐഡിഎഫ് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ധനകാര്യ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. മുഹമ്മദ് അബു അൽവാനാണ് കൊല്ലപ്പെട്ടത്. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.09 ഡോളർ കുറഞ്ഞ് 98.16 ഡോളറിലെത്തി.

error: Content is protected !!