ഇതിഹാസപ്പോരിൽ ഇന്ത്യ ഓൾ സ്റ്റാർസിന് തോൽവി: ബ്രസീൽ ലെജൻഡ്സിന് ജയം

കൊച്ചി: ഇതിഹാസപ്പോരിൽ ഇന്ത്യ ഓൾ സ്റ്റാർസിനെതിരെ ബ്രസീൽ ലെജൻഡ്സിന് ജയം. 4-3നാണ് ബ്രസീലിന്റെ ജയം. ബ്രസീലിനായി ഫെർണാൻഡീഞ്ഞോ ഹാട്രിക് നേടി. റൊണാൾഡീഞ്ഞോയാണ് ഒരു ഗോൾ നേടിയത്. ഇന്ത്യയ്ക്കായി സികെ വിനീത് രണ്ട് ഗോൾ നേടി. ആദ്യ പകുതിയിൽ ബ്രസീൽ 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ട് ഗോളുകളെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ ആദ്യം ഗോൾ നേടി ലീഡ് പിടിച്ചെങ്കിലും ബ്രസീൽ ലെജൻഡ്സ് ആദ്യ പകുതി തീരും മുൻപ് തന്നെ മൂന്ന് ഗോൾ നേടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
ഇരു ടീമുകളും തമ്മിലുള്ള ‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പ്രദർശന മത്സര പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ചെന്നൈയിൽ നടന്ന ആദ്യ മത്സരിത്തിലും ഇന്ത്യയെ ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാറൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽറ്റൺ, സൂസ, പാരാ, ഡിയോഗോ തുടങ്ങിയവരാണ് ബ്രസീൽ ലെജൻഡിൽ ഉള്ളത്.
മലയാളി താരങ്ങളായ ഐ.എം.വിജയൻ, സി.കെ.വിനീത്, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, റിനോ ആന്റോ, എന്നിവർക്കൊപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ, ക്ലൈമാക്സ് ലോറൻസ്, എം.വി. നെൽസൺ, ഗൗർമാംഗി സിങ്, അർണബ് മണ്ഡൽ, മഹേഷ് ഗാവ്‌ലി, മെഹ്‌റാജുദ്ദീൻ വാദൂ, മെഹ്‌താബ് ഹുസൈൻ എന്നിവരായിരുന്നു ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്.

