നീതി നിഷേധം ; ഉമർ ഖാലിദിന് കേസ് വിശദാംശം കൈമാറണം ഡൽഹി കോടതി

ന്യൂഡല്‍ഹി
ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് എഫ്ഐആറിന്റെയും റിമാന്‍ഡ് അപേക്ഷയുടെയും റിമാന്‍ഡ് ഉത്തരവിന്റെയും പകര്‍പ്പുകള്‍ കൈമാറണമെന്ന് ഡല്‍ഹി കോടതി. എന്തിനാണ് അറസ്റ്റിലായതെന്ന ധാരണ നല്‍കാതെ ആരെയും ദീര്‍ഘകാലം കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേട്ട് പുരുഷോത്തം പഥക് നിരീക്ഷിച്ചു.
ഭരണഘടനയും നിയമങ്ങളും നല്കുന്ന അവകാശങ്ങള്‍ ഒരാള്‍ക്കും നിഷേധിക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഒന്നിനാണ് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഖജൗരിഖാസ് മേഖലയിലെ കലാപവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഉമറിനെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്.
ജയില്‍സൂപ്രണ്ട് ഹാജരാകണം
തടവുമുറിയുടെ പുറത്ത് ഇറങ്ങാന്‍പോലും പറ്റുന്നില്ലെന്നും ആരെയും കാണാന്‍ അനുവദിക്കുന്നില്ലെന്നും ഉമര്‍ ഖാലിദ്. ജുഡീഷ്യല്‍ കസ്റ്റഡി കാലയളവ് വ്യാഴാഴ്ച പൂര്‍ത്തിയായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വെളിപ്പെടുത്തല്‍. തിഹാര്‍ ജയില്‍സൂപ്രണ്ടിനോട് വെള്ളിയാഴ്ച ഹാജരാകാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് നിര്‍ദശിച്ചു.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദംകേള്‍ക്കുന്നതിനിടെ ഉമര്‍ ഖാലിദിന് സംസാരിക്കാന്‍ അവസരം ഒരുക്കാത്തതിന് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനെ ജഡ്ജി ശകാരിച്ചു.
വിചാരണത്തടവുകാരന് കോടതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സാങ്കേതികസൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജഡ്ജി ഓര്‍മിപ്പിച്ചു.

