KSDLIVENEWS

Real news for everyone

ഇത് നീതിക്കായുള്ള പോരാട്ടം; കുഞ്ഞിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമയുടെ നിരാഹാരസമരം ആരംഭിച്ചു

SHARE THIS ON

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുൻപ് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാർക്കെതിരേ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ തനിക്ക് സന്തോഷവും തൃപ്തിയുമുണ്ടെന്നും അനുപമ പറഞ്ഞു.

ഇത് സർക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പോലീസ് എഫ്.ഐ.ആർ ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോൾ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ എഫ്.ഐ.ആർ ഇടാൻ തയ്യാറായില്ല. മൊഴി പോലും രേഖപ്പെടുത്തിയില്ല. ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങൾ പോലും പോലീസും സി.ഡബ്ല്യൂ.സിയും ശിശുക്ഷേമ സമിതിയും ചെയ്തിട്ടില്ല. അതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്.


എന്റെ സമരം ഒരു പാർട്ടിക്കും എതിരല്ല, ഒരു പാർട്ടിയുടേയും പിന്തുണയിലല്ല. സിപിഎം നേതാക്കളെ എ.കെ.ജി സെന്ററിൽ പോയി കണ്ടതാണ്. പലതവണ പരാതി ധരിപ്പിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുന്ന സമയത്ത് പാർട്ടി നേതാക്കളാരും സഹായിച്ചിട്ടില്ല. ഇപ്പോൾ കുറേ നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നത്. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛൻ തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും ലോക്കൽ കമ്മിറ്റി അംഗമായും സി.ഐ.ടി.യു ഭാരവാഹിയായും തുടരുകയാണ്. അതിനർഥം പാർട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാർട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്ന് അനുപമ ചോദിച്ചു.

ആന്ധ്രയിലേക്കാണ് ദത്ത് പോയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ തനിക്കിപ്പോഴുണ്ടെന്നും അനുപമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!