KSDLIVENEWS

Real news for everyone

ഏതന്വേഷണവും നേരിടാം, ഈ നീക്കം സര്‍ക്കാരിന് തിരിച്ചടിയാകും- സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി

SHARE THIS ON

തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും സർക്കാർ ഇതിന് ജനങ്ങൾക്ക് മുന്നിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

ഏതന്വേഷണത്തിനും തയ്യാറാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൽഡിഎഫ് അഞ്ച് വർഷം പ്രതിപക്ഷത്തിരുന്നതിൽ മൂന്നു വർഷവും സോളാർ സമരം നടത്തുകയായിരുന്നു. അധികാരത്തിൽ വന്നിട്ട് അഞ്ചു വർഷമായിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ അവരുടെ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ കേന്ദ്രത്തിൽ ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടാൻ തീരുമാനിച്ചിരിക്കുന്നത്. പരാതിക്കാരി ഇതുവരെ എവിടെയായിരുന്നു എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ദിവസം അടിയന്തിരമായി മന്ത്രിസഭാ യോഗം കൂടി കമ്മീഷന്റെ റിപ്പോർട്ടിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞു. ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് തങ്ങൾ കോടതിയിൽ കമ്മീഷന്റെ വഴിവിട്ട നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ കോടതി അത് അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ടിലെ കത്തിന്റെ ഭാഗം നീക്കാനുള്ള കോടതിയുടെ വിധിയുണ്ടായി. ആ വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് സർക്കാർ അപ്പീലിനു പോയില്ല. ഇക്കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളോട് സർക്കാരിന് മറുപടി പറുപടി പറയേണ്ടിവരും.

സോളാർ കേസുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചുനടന്ന ഒരു കൂടിക്കാഴ്ച സംബന്ധിച്ച് എല്ലാവർക്കും അറിയാം. എന്നാൽ അതു സംബന്ധിച്ച് ആളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അതെന്റെ മാന്യതകൊണ്ടാണ്, ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല. ഈ സർക്കാരിന്റെ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!