സ്വകാര്യ ബസുകള്‍ സമരത്തില്‍; പരീക്ഷാകാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ വലയും

തിരുവനന്തപുരം | സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ യാത്രാക്ലേശം ശക്തമായി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ബസ് കിട്ടാതെ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. പരീക്ഷാകാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ വലയും. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ മേഖലയിലാണ് കൂടുതല്‍ യാത്രാദുരിതം.
കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചിരുന്നു. വരും മണിക്കൂറുകളില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ചിലയിടങ്ങളില്‍ ജീപ്പ്, ഓട്ടോറിക്ഷാ സമാന്തര സര്‍വീസുകളുണ്ട്. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് സമരം.

