KSDLIVENEWS

Real news for everyone

4 വർഷത്തിനിടെ പിൻവലിച്ചത് 385 ക്രിമിനൽ കേസുകളെന്ന് റിപ്പോർട്ട്; കർണാടകയിൽ ബിജെപി സർക്കാർ പ്രതിരോധത്തിൽ

SHARE THIS ON

ബെംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി കഴിഞ്ഞ നാലു വർഷത്തിനിടെ സർക്കാർ പിൻവലിച്ച ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പുറത്ത്. വിദ്വേഷപ്രസംഗം, ഗോസംരക്ഷണം, സാമുദായിക കലാപം തുടങ്ങിയവയുമായി ബന്ധപ്പെട്ട 385 ക്രിമിനൽ കേസുകൾ ബസവരാജ് ബൊമ്മെ സർക്കാർ പിൻവലിച്ചെന്നാണു റിപ്പോർട്ട്. ഭരണകക്ഷിക്കുകൂടി ഗുണപ്പെടുന്നതാണ് ഈ തീരുമാനമെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകൾ ദേശീയ മാധ്യമമാണു പുറത്തുവിട്ടത്.

2019 ജൂലൈ മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിലാണു കേസുകൾ പിൻവലിച്ചത്. ആയിരത്തിലേറെ പേർക്കാണ് ഇതിന്റെ ഗുണം കിട്ടിയത്. കേസുകൾ ഒഴിവാക്കുന്നതിനായി 7 ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗം, ഗോസംരക്ഷണ ആക്രമണം, കലാപം എന്നിവയുമായി ബന്ധപ്പെട്ട 182 കേസുകളും ഇക്കൂട്ടത്തിലുണ്ട്. ഏഴ് ഉത്തരവുകളിൽ ആദ്യത്തേതുമാത്രം കർഷക സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസ് ഒഴിവാക്കുന്നതിനായിരുന്നു.

ബിജെപിയുടെ മൈസൂരു എംപി പ്രതാപ് സിംഹ, എംഎൽഎ രേണുകാചാര്യ എന്നിവർക്കെതിരായ കേസുകളും തള്ളിയവയിൽ ഉൾപ്പെടും. 2020നും 2023നും മധ്യേ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് 105 കേസുകളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് എന്നും ഇതിൽ പറയുന്നു. നിയമ വകുപ്പും പൊലീസുമായി ചർച്ച ചെയ്ത്, മന്ത്രിസഭാ ഉപസമിതി കൂടിയാലോചിച്ചാണു കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!