KSDLIVENEWS

Real news for everyone

സുഡാനിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷൻ കാവേരി’; 500 പേർ തുറമുഖത്ത്

SHARE THIS ON

ഖാർത്തൂം ∙ സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷൻ കാവേരി’യുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ. 500 ഇന്ത്യക്കാരെ സുഡാൻ തുറമുഖത്ത് എത്തിച്ചു. കപ്പലുകളിലും വിമാനങ്ങളിലുമായിട്ടാകും ഇവരെ നാട്ടിലെത്തിക്കുക. ഓപ്പറേഷൻ കാവേരിയിലൂടെ കൂടുതൽ പേരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനം തുടരുമെന്നും സുഡാനിൽ കുടുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നാവികസേനയുടെ ഐഎൻഎസ് സുമേധ പടക്കപ്പൽ പോർട്ട് സുഡാനിൽ എത്തിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിൽ സജ്ജമാക്കിയിട്ടുണ്ട്. സുഡാനിൽനിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിരുന്നു. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണു സൗഹൃദ രാഷ്ട്രങ്ങളുടെ പൗരന്മാരെക്കൂടി സൗദി രക്ഷിച്ചത്. വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഇരുപക്ഷവും പോരാട്ടം കടുപ്പിച്ചതോടെ, സുഡാനിൽ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ അധികാരത്തിനായുള്ള പോരാട്ടം ജനത്തെ അക്ഷരാർഥത്തിൽ വീടുകളിൽ തടവിലാക്കി. എങ്ങും സ്ഫോടന ശബ്ദവും പുകയുമാണ്. ഊർജം, വെള്ളം, അവശ്യസാധനങ്ങൾ എന്നിവ ലഭ്യമല്ല. ഖാർത്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന റൺവേയും ഒട്ടേറെ വിമാനങ്ങളും ബോംബാക്രമണത്തിൽ തകർന്നു. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളും ആക്രമണ ഭീഷണിയെത്തുടർന്ന് അടച്ചു. ഒട്ടേറെപ്പേർ നഗരം വിട്ട് ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!