KSDLIVENEWS

Real news for everyone

സഭാ സമ്മേളനം തുടങ്ങി: അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു, 53 പുതുമുഖങ്ങള്‍ക്ക് പ്രവേശനോത്സവം

SHARE THIS ON

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ കാര്യപരിപാടി. 53 പുതുമുഖങ്ങൾക്ക് ഇന്ന് യഥാർഥത്തിൽ പ്രവേശനോത്സവമാണ്. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ചിലരുടെ സത്യപ്രതിജ്ഞ പിന്നീട്

കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

സ്പീക്കർ: പത്രിക ഇന്ന് 12 വരെ

ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല.

26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.

75 പേർ തുടർ അംഗങ്ങൾ

പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

പുതിയവർക്ക് പഠനം ഓൺലൈനിൽ?

പുതുതായി എത്തുന്നവർക്ക് സഭാ നടപടികൾ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരുത്തുന്നത് ഒഴിവാക്കാൻ പഠനം ഓൺലൈനിലാക്കിയാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!